നാടിന് വെട്ടം വിതറി



ഇടുക്കി ഔദ്യോഗികമായി ഇടുക്കി എന്ന പേരിൽ ജില്ല 1972ലാണ് രൂപീകരിക്കുന്നതെങ്കിലും ആ പേരിൽതന്നെയുള്ള ജലവൈദ്യുത പദ്ധതിയുടെ നിർമാണം തുടങ്ങിയത് 1969ൽ. പെരിയാറിനെ തടഞ്ഞുനിർത്തിയുള്ള ഇടുക്കി പദ്ധതി കമീഷൻ ചെയ്തത് 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി. മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് 1969 ഏപ്രിൽ 30ന് ആദ്യ ബക്കറ്റ് കോൺക്രീറ്റിട്ടാണ് പദ്ധതിയുടെ നിർമാണോദ്‌ഘാടനം നിർവഹിച്ചത്. ജില്ല സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ അണക്കെട്ട് കുടുംബത്തിലെ കരുത്തനായ ഇടുക്കിയും നാടിനാകെ വെളിച്ചം പകർന്ന് 46 വർഷത്തിലെത്തി നിൽക്കുന്നു. എന്നാൽ, നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് സുവർണജൂബിലിയും പിന്നിട്ടു.      രാജ്യത്തെ ആദ്യ കോൺക്രീറ്റ് കമാന ഇരട്ടവളയൻ അണക്കെട്ടാണിത്. ഇതിനെ ബന്ധിപ്പിച്ചുള്ളതാണ് രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതനിലയമായ ‘മൂലമറ്റം പവർഹൗസ്'. ആറ് ജനറേറ്ററുകളിൽനിന്നായി 780 മെഗാവാട്ട് ഉൽപ്പാദിപ്പിച്ച് സംസ്ഥാനത്തിന്റെ മുന്തിയ പങ്കായ 37 ശതമാനവും ഇവിടെനിന്നുള്ള സംഭാവനയാകുന്നു. സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതപദ്ധതിക്ക് തുടക്കംകുറിച്ച പള്ളിവാസലും ജില്ലയിൽതന്നെയാണുള്ളത്. 1940ലാണ് പള്ളിവാസൽ പദ്ധതി യാഥാർഥ്യമായത്. -1935 മാർച്ച് ഒന്നിന് തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബലരാമവർമ തറക്കല്ലിട്ടു. രാജാവിനോടുള്ള സ്മരണാർഥമാണ് ചിത്തിരപുരം എന്ന പേരുവന്നത്.      ജില്ലയിൽ പത്തിൽപരം പ്രാധാന്യമുള്ള ജലവൈദ്യുത പദ്ധതികൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്തിനാകെ വെളിച്ചംപകരാൻ നിരവധി പദ്ധതികൾ നിർമാണത്തിലുമാണ്. Read on deshabhimani.com

Related News