ജനവാസ മേഖലകളിൽ പന്നികൾ 
കൂട്ടമായെത്തുന്നു; ഭീതിയിൽ നാട്ടുകാർ

റോസാപ്പൂക്കണ്ടത്ത്‌ ജനവാസ മേഖലയിലെത്തിയ കാട്ടുപന്നി


കുമളി പെരിയാർ കടുവ സങ്കേതത്തിൽ നിന്നും ജനവാസ മേഖലകളിൽ കൂട്ടമായെത്തുന്ന പന്നികൾ ജനങ്ങൾക്ക്‌ ഭീഷണിയാകുന്നു. വനമേഖലയോട്‌ ചേർന്നുള്ള റോസാപ്പൂക്കണ്ടം, താമരക്കണ്ടം, തേക്കടി ഭാഗങ്ങളിലായാണ്‌ പകൽ സമയത്തും പന്നികൾ കൂട്ടമായെത്തുന്നത്‌. കുഞ്ഞുങ്ങൾ ഉൾപ്പെടെ അമ്പതോളമുള്ള സംഘങ്ങളുമുണ്ട്‌. ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ കടക്കുന്നത്‌ മൂലം ഈ പ്രദേശങ്ങളിൽ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്‌. മുമ്പ്‌ ഈ പ്രദേശങ്ങളിൽ കപ്പ, കാച്ചിൽ, ചേമ്പ്‌, ചേന, വിവിധയിനം പച്ചക്കറികൾ എന്നിവ വ്യാപകമായി കൃഷിയിറക്കിയിരുന്നു. പന്നി, മ്ലാവ്‌, എന്നിവ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതിനാൽ കർഷകർ ഇത്തരം കൃഷികളിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്‌. കൂടാതെ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന വഴികളിൽ പന്നികൾ കൂട്ടമായെത്തുന്നതും ഭീഷണിയാണ്‌. രണ്ട്‌ വർഷം മുമ്പ്‌ റോസാപ്പൂക്കണ്ടം, കുളം ഭാഗത്ത്‌ സ്‌കൂട്ടർ യാത്രികനെ പന്നി മറിച്ചിട്ടിരുന്നു. ഇതോടൊപ്പം തന്നെ തേറ്റയുള്ള അപകടകാരികളായ പന്നികളും ഇറങ്ങുന്നുണ്ട്‌. പലപ്പോഴും നാട്ടുകാരെ ആക്രമിക്കാൻ ഓടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്‌. അടുത്തിടെ റോസാപ്പൂക്കണ്ടം ഭാഗത്ത്‌ കാട്ടാനകൾ പലദിവസങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്‌തിരുന്നു. വന്യജീവി ശല്യത്തിന്‌ ഉടൻ  പരിഹാരമുണ്ടാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com

Related News