മറയൂരില്‍ 65 കിലോ ചന്ദനവുമായി
3 പേര്‍ പിടിയില്‍

മറയൂരില്‍ ചന്ദനവുമായി പിടിയിലായ കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് സ്വാലിഹ്, ഇര്‍ഷാദ്, ഈരാറ്റുപേട്ട സ്വദേശി മന്‍സൂര്‍ എന്നിവര്‍


മറയൂർ  മറയൂരിയിൽനിന്നും ചന്ദനം വെട്ടിയെടുത്ത് ചെറുകഷ്ണങ്ങളാക്കി കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിലായി. കൊണ്ടോട്ടി മൂച്ചിക്കൽ പീരിച്ചേരി മുഹമ്മദ് സ്വാലിഹ്(22), ഈരാറ്റുപട്ട നടയ്ക്കൽ പടിപ്പുരക്കൽ മൻസൂർ(41), പൂക്കോട്ടൂർ മൂച്ചിക്കൽ ഇല്ലിക്കറ വീട്ടിൽ ഇർഷാദ്(28) എന്നിവരെയാണ് മറയൂരിലെ വനപാലകർ അറസ്റ്റ്ചെയ്തത്. ശനി രാത്രി മറയൂർ പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് കർണാടക രജിസ്ട്രേഷൻ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ മുഹമ്മദ് സ്വാലിഹിനെയും ഇർഷാദിനെയും സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ മൂന്നാമനായ മൻസൂറിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാൾ താമസിക്കുന്ന മുറി പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ ചന്ദനം കണ്ടെത്തുകയായിരുന്നു.   മൂന്നുദിവസം മുമ്പാണ് മൂന്നഗംസംഘം മറയൂരിലെത്തിയത്. മറയൂർ ടൗണിനടത്തുള്ള ലോഡ്‍ജിൽ ഒരുദിവസം താമസിച്ച ശേഷം കരിമ്പിൽതോട്ടത്തിന് സമീപമുള്ള മറ്റൊരു ലോഡ്‍ജിലേക്ക് മാറി. മറയൂർ സ്വദേശിയാണ് ഇവർക്ക് ചന്ദനം നൽകിയത്. 25 കിലോയോളം ചന്ദനം മോശമാണെന്നും തുക തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് തർക്കമുണ്ടായി. പെട്രോൾ പമ്പിനു സമീപത്തുവച്ച് തുക തിരികെ നൽകാമെന്ന് അറിയിച്ചു. തുടര്‍ന്ന് തിരിച്ചുകൊടുക്കാനുള്ള ചന്ദനം മുറിയിൽ സൂക്ഷിച്ചശേഷം കൊണ്ടുപോകാനുള്ള ചന്ദനവുമായി എത്തിയപ്പോഴാണ് വനപാലകർ പിടികൂടിയത്. ചന്ദനം നൽകിയയാളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. മറയൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി ആർ ശ്രീകുമാർ, എസ്എഫ്ഒ ഹാരിസൺ ശശി, രാമകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിജു അഗസ്റ്റിൻ, അഖിൽ, രാമകൃഷ്ണൻ, സിജുലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News