മലയോരമണ്ണിന്റെ മനസ്സറിഞ്ഞ്‌ സിഐടിയു ജാഥകൾ



ഇടുക്കി സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി എസ്‌ രാജൻ, സെക്രട്ടറി കെ എസ് മോഹനൻ എന്നിവർ ക്യാപ്‌റ്റൻമാരായിട്ടുള്ള സിഐടിയു ജാഥകൾക്ക്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല സ്വീകരണം. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചും തൊഴിൽ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെയും രാജ്യത്തെ ജനങ്ങളുടെ സംരക്ഷണത്തിനായി പത്ത്‌ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ജാഥ നടത്തുന്നത്‌‌. പി എസ്‌ രാജൻ ക്യാപ്‌റ്റനായ ജാഥ വെള്ളിയാഴ്ച മുരിക്കാശേരിയിൽനിന്ന്‌ ആരംഭിച്ചു. ചേലച്ചുവട്‌, കഞ്ഞിക്കുഴി, വണ്ണപ്പുറം, കോടിക്കുളം, ഉടുമ്പന്നൂർ, കരിമണ്ണൂർ എന്നിവിടങ്ങളിലെ പര്യടനത്തിനു‌ ശേഷം തൊടുപുഴയിൽ ജാഥ സമാപിച്ചു.   സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.  എം ജി സുരേന്ദ്രൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം ബാബു സംസാരിച്ചു. സിൽജോ ജോർജ് സ്വാഗതവും ഷാമോൾ അയ്യപ്പൻ നന്ദിയും പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളായ ടി ആർ സോമൻ, കെ എൻ ശിവൻ, വി ഒ ഷാജി, കെ വി ജോയി, എ രാജേന്ദ്രൻ, സിന്ധു വിനോദ് എന്നിവർ സംസാരിച്ചു.  കെ എസ്‌ മോഹനൻ ക്യാപ്റ്റനായുള്ള ജാഥ ഏലപ്പാറ, പീരുമേട്, വണ്ടൻമേട്‌ ഏരിയകളിൽ പര്യടനം നടത്തി. ഉപ്പുതറയിൽനിന്ന്‌ ആരംഭിച്ച ജാഥ വാഗമൺ, ഏലപ്പാറ, പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, ചെങ്കര, കുമളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അണക്കരയിൽ സമാപിച്ചു. തേയില, ഏലത്തോട്ടം മേഖലകൾ ഉൾപ്പെട്ട പ്രദേശങ്ങളിലൂടെ കടന്നുപോയ ജാഥയ്‌ക്ക്‌ തൊഴിലാളി കേന്ദ്രങ്ങളിൽ ഗംഭീര സ്വീകരണമാണ് നൽകിയത്. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ ജനദ്രോഹ നിലപാടുകൾ എണ്ണിപ്പറഞ്ഞ്‌ മുന്നേറിയ ജാഥയെ നൂറുകണക്കിനാളുകൾ വിവിധ കേന്ദ്രങ്ങളിൽ വരവേറ്റു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനുപുറമേ ജാഥാംഗമായ ജി വിജയാനന്ദ്, സിഐടിയു പീരുമേട്‌ ഏരിയ സെക്രട്ടറി എം തങ്കദുര എന്നിവർ സംസാരിച്ചു. അണക്കരയിൽ സമാപന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി വി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ടി എസ് ബിസി, സി സിൽവസ്റ്റർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News