മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുതലെടുപ്പ്‌ ചങ്ങലയുമായി കോൺഗ്രസ്



വണ്ടിപ്പെരിയാർ മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുതലെടുപ്പ്‌ സമരവുമായി കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കോൺഗ്രസ് സംസ്ഥാന നേതാക്കൾ പങ്കെടുത്ത് വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയാണ് അപഹാസ്യമായത്. 2014ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ വിധിവന്നത്.  മുല്ലപ്പെരിയാർ കേസിൽ എൽഡിഎഫ് ഭരണകാലത്ത് കേരളം വിജയത്തോടടുത്ത ഘട്ടത്തിലായിരുന്നു ഭരണമാറ്റം.  എൽഡിഎഫ് സർക്കാരിന്റെ ഭരണഘട്ടത്തിൽ കേസിൽ കേരളത്തിന് അനുകൂല വഴിത്തിരിവുണ്ടാക്കുന്ന തലത്തിൽ ഒട്ടേറെ തെളിവുകൾ കോടതിയിൽ ഹാജരാക്കാനായി. വിദഗ്ധരായ അഭിഭാഷകർ വിഷയം നന്നായി പഠിച്ച്‌ കോടതിയിൽ അവതരിപ്പിച്ചു.  എന്നാൽ, ഭരണമാറ്റമുണ്ടായതോടെ കേരളത്തിന് തിരിച്ചടിയായി. അണക്കെട്ടിന് ബലക്ഷയമില്ല, മുല്ലപ്പെരിയാർ തകർന്നാൽ ഇടുക്കി താങ്ങിക്കൊള്ളും, പെരിയാർ തീരപ്രദേശങ്ങളിലെ 400 കുടുംബങ്ങളെ മാത്രമേ അണക്കെട്ടിന്റെ തകർച്ച ബാധിക്കൂ, കേരളത്തിന് മുല്ലപ്പെരിയാറിൽനിന്ന്‌ ഒരു തുള്ളി വെള്ളംപോലും വേണ്ട തുടങ്ങിയ ഭരണനേതൃത്വത്തിന്റെ വികലമായ സമീപനങ്ങൾ കേസിനെ ബാധിച്ചു. മുല്ലപ്പെരിയാർ കേസിന്റെ അവസാന നാളുകളിൽ ജൂനിയർ അഭിഭാഷകരെ കോടതിയിൽ ഹാജരാക്കിയ യുഡിഎഫിന്റെ നിലപാടും തിരിച്ചടിയായി.       വസ്തുത ഇതായിരിക്കെ മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ്‌ കോൺഗ്രസ് ഞായറാഴ്ച വണ്ടിപ്പെരിയാറിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം, തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ തുടങ്ങിയ മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ സമരം ഉദ്ഘാടനംചെയ്തു. വണ്ടിപ്പെരിയാർ ടൗൺ മുതൽ  62–-ാം മൈൽവരെയായിരുന്നു ചങ്ങല. ഡിസിസി പ്രസിഡന്റ് സി പി മാത്യു അധ്യക്ഷനായി. Read on deshabhimani.com

Related News