ചന്ദനക്കാടിന്‌ കാവലാളാകണം...
പക്ഷെ ശമ്പളമില്ല

മറയൂർ നാച്ചിവയൽ ചന്ദനക്കാട്


മറയൂർ പ്രതിവർഷം നൂറുകോടിയിലധികം വരുമാനമുള്ള മറയൂർ ചന്ദനക്കാടിന്റെ സംരക്ഷകരായ താൽക്കാലിക വാച്ചർമാർ മൂന്ന് മാസത്തിലേറെയായി ശമ്പളം കിട്ടാതെ വലയുന്നു. സർക്കാരി  ൽനിന്ന് ഫണ്ട് അനുവദിക്കാത്തതാണെന്ന്‌ ഉന്നത ഉദ്യോഗസ്ഥർ പറയുമ്പോഴും  താഴെത്തട്ടിലെ താൽക്കാലിക വാച്ചർമാർക്ക് മാത്രമാണ് ശമ്പളം മുടങ്ങിയത്. മറ്റു ജീവനക്കാർക്ക് കൃത്യമായി ശമ്പളമുണ്ട്‌.  വനം കൊള്ളക്കാരുടെയും വന്യമൃഗങ്ങളുടെയും ഇടയിൽ ഏറെ അപകടകരമായ സാഹചര്യത്തിലാണ് രാവും പകലും വാച്ചർമാരുടെ ജോലി. ഇവർക്ക് അർഹിക്കുന്ന ശമ്പളമോ സുരക്ഷാ സംവിധാനങ്ങളോ സാമ്പത്തിക സഹായങ്ങളോ ലഭിക്കുന്നില്ല. മാസം മുഴുവൻ ജോലി ചെയ്താലും പകുതി ദിവസത്തെ ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്ന ആക്ഷേപവുമുണ്ട്‌. ചോദ്യം ചെയ്‌താൽ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന്‌ ഭയന്നാണ് നിസഹായരായി തൊഴിലിൽ തുടരുന്നതെന്ന് താൽക്കാലിക വാച്ചർമാർ പറയുന്നു. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് വനം വകുപ്പ് ഓഫീസുകൾക്ക് മുൻപിൽ  സമരം നടത്തുമെന്ന്‌ സിഐടിയു ഫോറസ്റ്റ് വർക്കേഴ്സ് ഓർഗനൈസർ എം ലക്ഷ്മണൻ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ്‌ ശമ്പളം ലഭിക്കാത്തത്‌. മാസത്തിൽ മുഴുവനും ദിവസവും  ജോലി ചെയ്‌താലും 10 ദിവസത്തെ വരെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. ജോലിഭാരം കൂട്ടുന്നതും വാച്ചർമാരെ മാനസിക സമ്മർദ്ദത്തിലാക്കുന്നതും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News