പട്ടിശേരി അണക്കെട്ട്‌ നിർമാണം അന്തിമഘട്ടത്തിലേക്ക്‌

പട്ടിശേരി അണക്കെട്ടിന്റെ നിർമാണം പുരോഗമിക്കുന്നു


മറയൂർ  കാർഷിക, വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പ്രതീക്ഷയായി പട്ടിശേരി അണക്കെട്ട്‌ നിർമാണം അന്തിമഘട്ടത്തിലേക്ക്. പാമ്പാർ നദിയുടെ കൈവഴിയായ ചെങ്കല്ലാറിലാണ്‌ അണക്കെട്ട്‌ ഉയരുന്നത്‌. ഇതിനകം 45 ശതമാനം പണികൾ പൂർത്തിയാക്കിയെന്നും ബാക്കിയുള്ളത്‌ ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നും ജലവിഭവ വകുപ്പ്‌ അധികൃതർ അറിയിച്ചു. 24 മീറ്റർ ഉയരത്തിലും 136 മീറ്റർ നീളത്തിലുമാണ് പുതിയ അണക്കെട്ട്‌ നിർമിക്കുന്നത്. ഒരു മില്യൺ ക്യുബിക്ക് മീറ്റർ സംഭരണശേഷിയുമുണ്ട്‌. വിനോദ സഞ്ചാരികൾക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലസംഭരണിയിൽ ബോട്ടിങ്ങ് ഉൾപ്പെടെ ആരംഭിക്കുന്നതിനുള്ള ആലോചനയും ആരംഭിച്ചു.       1937ലാണ് അഞ്ചുനാട്ടിലെ കൃഷിയുടെ പുരോഗതിക്കായി തിരുവിതാംകൂർ രാജാവ് സമുദ്രനിരപ്പിൽനിന്ന്‌ 5003 അടി ഉയരത്തിൽ മന്നവൻചോല വനത്തിന് താഴ്ഭാഗത്ത് കാന്തല്ലൂർ ഗുഹനാഥപുരത്ത് പട്ടിശേരി അണക്കെട്ട്‌ നിർമാണം പൂർത്തിയാക്കിയത്. 2014 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്‌ അണക്കെട്ട്‌ പൊളിച്ചത്‌. അന്നത്തെ ജലവിഭവമന്ത്രി പി ജെ ജോസഫ്‌ നിർമാണഉദ്‌ഘാടനം നടത്തി. ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. 26 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്‌.  എന്നാൽ, നിർമാണസാമഗ്രികൾക്ക്‌ വിലകൂടിയതും അനുവദിച്ച തുക തികയാതെയും വന്നതോടെ കരാറുകാരൻ ഉമ്മൻചാണ്ടി സർക്കാരിനെതിരെ നൽകിയ കേസും കോവിഡുമുണ്ടാക്കിയ പ്രതിസന്ധികളും അണക്കെട്ട്‌ നിർമാണത്തിന്റെ താളം തെറ്റിച്ചിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ ശക്തമായ ഇടപെടലാണ്‌ അണക്കെട്ടിന്റെ നിർമാണം പുനരാരംഭിക്കാൻ കരുത്തായത്‌.      ജലമില്ലാതെ വലഞ്ഞതോടെ കർഷകർ എൽഡിഎഫ്‌ സർക്കാരിനെ സമീപിച്ചു. കർഷകരുടെ ദുരിതം മനസ്സിലാക്കിയ സർക്കാർ അണക്കെട്ട്‌ നിർമാണം പൂർത്തിയാക്കാൻ 46.81 കോടി രൂപ അനുവദിച്ചു. പട്ടിശേരി അണക്കെട്ട്‌ നിർമാണം പൂർത്തിയാകുന്നതോടെ കാന്തല്ലൂർ മേഖലയിലെ കാർഷികരംഗത്ത് മൂന്നിരട്ടിയിലധികം ഉൽപ്പാദനം നടക്കുമെന്നാണ് ഹോർട്ടികോർപ്‌ പ്രതീക്ഷിക്കുന്നത്. നിയന്ത്രണങ്ങൾ പാലിച്ച്‌ 
വേഗത്തിൽ നിർമാണം ശീതകാല പച്ചക്കറികളുടെ ഉൽപ്പാദനകേന്ദ്രമായ കാന്തല്ലൂരിന്റെ ജലസേചനത്തിനായി ഒരു വർഷത്തിനുള്ളിൽ പട്ടിശേരി അണക്കെട്ട്‌ നിർമാണം പൂർത്തിയാക്കാൻ സർക്കാർ നിർദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ഇതര സംസ്ഥാനത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ അണക്കെട്ട്‌ നിർമാണത്തിന്‌ സജ്ജമാക്കിയിരിക്കുന്നത്‌. പണിസൈറ്റിൽനിന്ന്‌ ഇവരെ പുറത്തുപോകാൻ അനുവദിക്കാറില്ല. നിർമാണ സാധങ്ങളുമായി എത്തുന്നവരുമായി സമ്പർക്കം ഉണ്ടാകാതെയും എല്ലാ ആഴ്‌ചയും കോവിഡ് പരിശോധന നടത്തിയുമാണ് പ്രതിരോധം തീർക്കുന്നത്. അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശങ്ങളെല്ലാം നീലക്കുറിഞ്ഞി പൂക്കുന്നിടങ്ങളാണ്‌. ഇവയെ സംരക്ഷിക്കുകയും ബോട്ടണി വിദ്യാർഥികൾക്കായി സസ്യജന്തുജാലങ്ങളെക്കു റിച്ച് പഠനം നടത്താനുള്ള കേന്ദ്രവും ഒരുക്കും. Read on deshabhimani.com

Related News