ആറാടാം കാനനച്ചോലയിൽ

ചീയപ്പാറ വെള്ളച്ചാട്ടം ആസ്വദിക്കാൻ ശനിയാഴ്ചയെത്തിയ സഞ്ചാരികൾ


അടിമാലി മഴ തകർത്തുപെയ്യുകയാണെങ്കിലും ജില്ലയിലെ വിനോദസഞ്ചാര മേഖല ഉണർവിൽ തന്നെ. ജലപാതങ്ങൾ സജീവമായതോടെ ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറി. കാനനച്ചോലയിൽ നിന്നൊഴുകി പതഞ്ഞു ചാടുന്ന വെള്ളച്ചാട്ടങ്ങൾ കണ്ണിനു കുളിർമയാണ്‌. ചെറുതും വലുതും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട്. ശ്രീനാരായണപുരം വെള്ളച്ചാട്ടവും ആറ്റുകാട് വെള്ളച്ചാട്ടവും വാളകം ചീയപ്പാറ വെള്ളച്ചാട്ടങ്ങളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ തന്നെ. ദേശീയപാത 85 പാതയോരത്തെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാൻമാത്രം ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.     ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങൾ നൽകുന്ന നയന മനോഹാരിത പറഞ്ഞറിയിക്കാനാവാത്തതാണെന്നും തകർത്തുപെയ്യുന്ന മഴയിൽ തന്നെ ഈ വെള്ളച്ചാട്ടങ്ങൾ കാണണമെന്നും സഞ്ചാരികൾ പറയുന്നു. സുന്ദരചിത്രങ്ങൾ പകർത്തി വെള്ളച്ചാട്ടങ്ങൾ കൺനിറയെ കണ്ടുമടങ്ങാമെന്നത് ഈ മാസങ്ങളുടെ പ്രത്യേകതയാണ്.  ജില്ലയുടെ കവാടമായ നേര്യമംഗലം പാലം കടന്ന് വനമേഖലയിലേക്ക് പ്രവേശിക്കുന്നതോടെ പാതയോരങ്ങളിൽ ചെറുതും വലുതുമായ നിരവധി നീർച്ചാലുകൾ ആസ്വദിക്കാനാവും. വനത്തിനുള്ളിലേക്ക് കടന്നാലോ ജലസമൃദ്ധമായി പതഞ്ഞൊഴുകുന്ന ചെറുതോടുകളും കൈവരികളും സഞ്ചാരികളുടെ മനം കവരും. Read on deshabhimani.com

Related News