ജനകീയ പ്രതിരോധം



തൊടുപുഴ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം നാടിന്റെ താക്കീതായി. വർഗീയ അജണ്ടയും കോർപറേറ്റ്‌ പ്രീണന നയങ്ങളും പിന്തുടരുന്ന ബിജെപി സർക്കാരിനെതിരെ നാടൊന്നാകെ പ്രതിരോധക്കോട്ട തീർത്തു. തൊടുപുഴ കെകെആർ ജങ്‌ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. പ്രതിഷേധം സിപിഐ എം പൊളിറ്റ്‌ബ്യുറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു.   വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുക, സ്വകാര്യവൽക്കരണ നീക്കങ്ങളെ പ്രതിരോധിക്കുക, സ്വമിനാഥൻ കമീഷൻ റിപ്പോർട്ട്‌ പ്രകാരമുള്ള താങ്ങുവില പ്രഖ്യാപിക്കുക, ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുക, കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയ ബദൽനയങ്ങൾ ഉയർത്തിക്കാട്ടുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌.   തൊടുപുഴ നഗരസഭ മൈതാനിയിൽ നടന്ന പരിപാടിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്‌, തൊടുപുഴ ഈസ്‌റ്റ്‌ ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷ്‌, മൂലമറ്റം ഏരിയ സെക്രട്ടറി ശിവൻ നായർ, തൊടപുഴ നഗരസഭാധ്യക്ഷൻ സനീഷ്‌ ജോർജ്‌ ഏന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി സ്വാഗതവും തൊടുപുഴ വെസ്‌റ്റ്‌ ഏരിയ സെക്രട്ടറി ടി ആർ സോമൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News