നാടൻ വിഭവങ്ങളുമായി ടേക് എ ബ്രേക്ക്

പള്ളിവാസലിലെ ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിൽ വിഭവങ്ങളുമായി ഹരിതകർമസേനാംഗങ്ങൾ


അടിമാലി ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മലനാടിൻ രുചി വിഭവങ്ങൾ വിളമ്പി ശ്രദ്ധേയമാവുകയാണ് പള്ളിവാസൽ പഞ്ചായത്തിലെ ഹരിതകർമസേന. ദേശീയപാതയോരത്ത് പണിത ലോ ഫ്ലോർ ബസ് മാതൃകയിലുള്ള ടേക്‌ എ ബ്രേക്ക് വഴിയോര വിശ്രമ  കേന്ദ്രത്തിലാണ് കഫെ ഒരുക്കിയിരിക്കുന്നത്. കൊഴുക്കട്ട, കുമ്പിളപ്പം, വട്ടയപ്പം, ഉപ്പുമാവ്, കപ്പ, കാന്താരി, ചക്കപ്പുഴുക്ക് തുടങ്ങി ഹൈറേഞ്ചിന്റെ പ്രിയ വിഭവങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.     പത്തുപേരടങ്ങുന്ന അംഗങ്ങളാണ് കഫെ സംരംഭത്തിലുള്ളത്‌. എല്ലാ ദിവസവും പകൽ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ സഞ്ചാരികൾക്ക് ലോ ഫ്ലോറിൽ വിശ്രമിച്ച് ഭക്ഷണം കഴിക്കാം. മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന വിശ്രമകേന്ദ്രങ്ങളിൽ ഒന്നായ വശ്യമനോഹാരിതയുടെ താഴ്‌വാരമായ രണ്ടാം മൈലിലാണ് കഫേ പണിതിരിക്കുന്നത്.     മൂന്നാറിന്റെ കുളിരും മനോഹാരിതയും ആസ്വദിക്കാൻ എത്തുന്നവര്‍ രണ്ടാംമൈല്‍ കടന്നാണ് മുന്നോട്ടുപോകുക. ഇടയ്‌ക്കിടെ എത്തുന്ന കാഴ്ച മറയ്‌ക്കുന്ന മഞ്ഞും കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന മലനിരകളും തേയിലത്തോട്ടവുമൊക്കെയാണ് രണ്ടാംമൈലിന്റെ പ്രത്യേകത. മഞ്ഞുപുതച്ച തേയിലത്തോട്ടങ്ങൾക്ക് നടുവിൽനിന്ന് ചിത്രം പകർത്താനും ഹൈറേഞ്ചിന്റെ തനതുരുചി അറിയാനും സഞ്ചാരികളുടെ തിരക്കുമുണ്ട്. Read on deshabhimani.com

Related News