രാജാക്കാട്ടിലും വണ്ടൻമേട്ടിലും
എക്സൈസ് റേഞ്ച് ഓഫീസ് വേണം



ഇടുക്കി രാജാക്കാടും വണ്ടന്മേടും കേന്ദ്രമായി എക്സൈസ് റേഞ്ച് ഓഫീസ് അനുവദിക്കണമെന്ന്‌ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
   സംസ്ഥാനത്തെ ഏറ്റവും വലിയ എക്സൈസ് റേഞ്ച് ഓഫീസുകളിൽ ഒന്നാണ് ഉടുമ്പൻചോല. നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫീസിന്റെ പ്രവർത്തനപരിധി ഉടുമ്പൻചോല താലൂക്ക് മുഴുവനായുമാണ്‌. പതിനെട്ട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ദുർഘട പ്രദേശങ്ങളായതിനാൽ എക്‌സൈസ്‌ പ്രവർത്തനം കാര്യക്ഷമമാക്കാൻ പുതിയ റേഞ്ച് ഓഫീസുകൾ വന്നാൽ കൂടുതൽ ഉപകരിക്കും. ധാരാളം കേസുകൾ ഉണ്ടാകുന്ന പ്രദേശമായതിനാൽ ആറ്‌ വില്ലേജുകളുടെ പരിധിയിൽ ഉൾപ്പെടുത്തി രാജാക്കാടും ആറു വില്ലേജുകൾ ഉൾപ്പെടുത്തി വണ്ടൻമേട് ആസ്ഥാനമായും റേഞ്ച് ഓഫീസുകൾ സ്ഥാപിക്കണമെന്ന്‌ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചെറുതോണിയിൽ നടന്ന സമ്മേളനം എം എം മണി എംഎൽഎ ഓൺലെെനായി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ സി എം ബിൻസാദ്‌ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ കെ രമേശ്, ജനറൽ സെക്രട്ടറി കെ രാമകൃഷ്ണൻ, സെക്രട്ടറി ആർ  സജീവ്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി എ സലീം, അസിസ്റ്റന്റ്‌ കമീഷണർ അബു എബ്രാഹാം എന്നിവർ സംസാരിച്ചു.   ജില്ലാ സമ്മേളനം പ്രസിഡന്റായി പി എച്ച്  ഉമ്മറിനെയും സെക്രട്ടറിയായി ബി ബൈജുവിനെയും തെരഞ്ഞെടുത്തു. എൻ കെ ദിലീപാണ്‌ ട്രഷറർ. ആർ സജീവ്, എം എസ് മധു, പി ടി സിജു എന്നിവരെ സംസ്ഥാന കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News