വന്യജീവികളെ പിടികൂടാന്‍ 
2 പ്രത്യേക സംഘങ്ങള്‍



ഇടുക്കി ജനവാസ മേഖലകളിൽ ഇറങ്ങിയിരിക്കുന്ന വന്യജീവികളെ പിടികൂടാൻ രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി സ്‌കൂൾ സിറ്റി, കൊന്നയ്ക്കാമാലി, വാത്തിക്കുടി, ജോസ്‍പുരം, ഇരട്ടയാർ പഞ്ചായത്തിലെ അടയാളക്കല്ല്, പുഷ്പഗിരി തുടങ്ങിയ സ്ഥലങ്ങളിലെ ജനവാസ മേഖലകളിൽ വന്യജീവികളെ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ മന്ത്രിതല യോഗത്തിലാണ് പരിഹാര നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയത്.  വാത്തിക്കുടിയിൽ വന്യജീവികളെ കണ്ടെത്തിയ പ്രദേശത്ത് എത്രയും വേഗം കൂട് സ്ഥാപിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിർദേശം നൽകി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ഇതിനുള്ള നടപടികൾ ചൊവ്വമുതൽ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. വന്യ മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ മറ്റു ജനവാസ മേഖലകളിലും നിരീക്ഷണം ശക്തമാക്കും.  ജനവാസ മേഖലകളിൽനിന്ന് വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കാനുള്ള ആദ്യ ചുവടുവയ്‍പ്പാണിതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ സേവനം ലഭ്യമാക്കും.  പ്രദേശത്ത് വന്യജീവികളെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച മുരിക്കാശേരിയിൽ നടന്ന സർവകക്ഷി യോഗത്തിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചിരുന്നു. തുടർന്നും വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് വനം മന്ത്രിയുമായി ചർച്ച നടത്തിയതും അടിയന്തര നടപടികൾ സ്വീകരിച്ചതും. മന്ത്രിമാർക്കു പുറമേ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് നോയൽ തോമസ്, വനം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ എസ് മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News