തളിര്‍മിഴി വിടര്‍ത്തിയാടി



മറയൂർ മഴനിഴലിന്റെ മനോഹര ഭൂമികയായ മറയൂരിലെ കരിമ്പിൻ പാടങ്ങൾക്ക് നടുവിലെ വേദിയിൽ അഞ്ചുനട്ടിലെ ആദിവാസി കലാരൂപങ്ങൾ തകർത്താടി. കുലവയാട്ടാം, ചിക്കാട്ടം, മലപുലയാട്ടം , മാൻകൂത്ത് തുടങ്ങിയ വിവിധ നൃത്തരൂപങ്ങൾ സാംസ്‍കാരിക വകുപ്പ് ഡോക്യുമെന്റ് ചെയ്‍ത് ഡിജിറ്റലായി സൂക്ഷിക്കുകയും വിദേശ വേദികളിലുള്‍പ്പെടെ അവതരിപ്പിക്കുകയും ചെയ്യുന്ന ‘തളിര്‍മിഴി 2023’ പദ്ധതിയാണ് മറയൂരിൽ സമാപിച്ചത്. ഗോത്രകലാരൂപങ്ങൾ പുതുതലമുറക്ക് കൈമാറുന്നതിന് ആദിവാസി സമൂഹങ്ങൾ അധിവസിക്കുന്ന എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായാണ് 49 ആദിവാസി കോളനികളുള്ള മറയൂരിലും പരിപാടിയെത്തിയത്. മന്ത്രി റോഷി അ​ഗസ്റ്റിന്‍ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്‍തു. അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. 
   എം എം മണി എംഎൽഎ ഓൺലൈനില്‍ ആശംസകൾ അറിയിച്ചു. കലക്‍ടർ ഷീബ ജോർജ്‌, ദേവികുളം സബ് കലക്‍ടർ രാഹുൽ കൃഷ്ണ ശർമ്മ, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്റട്രി ജോസഫ്, അംബിക രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കടമ്മനിട്ടയുടെ ‘കുറത്തി’ കവിതയുടെ നൃത്താവിഷ്കാരവും അരങ്ങേറി.ഗോത്ര വർഗ വിഭാഗത്തിൽനിന്നും വിവിധ മേഖലകളിൽ തിളങ്ങിയ വനിതകളെയും അഞ്ച് പുരുഷന്മാരെയും ആദരിച്ചു. 25ന് കൊല്ലം കുളത്തുപ്പുഴയിൽ സാംസ്കാരിക സമ്മേളനത്തോടെ തളിര്‍മിഴി പൂര്‍ണമാകും. Read on deshabhimani.com

Related News