ഡബിൾ സ്‌ട്രോങ്ങല്ലേ പാലം



ഇടുക്കി ചെറുതോണി ബസ് സ്റ്റാൻഡും തടയണയും തകർത്ത് താണ്ഡവമാടിയ മഹാപ്രളയത്തിൽ പിടിച്ചുനിന്ന ചെറുതോണി പാലത്തിലൂടെ ഇക്കുറി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയപ്പോൾ ശാന്തമായി ജലപ്രവാഹം കടന്നുപോയി. വിശാലമായ കരയിലൂടെ... പെരിയാറിലെ കുഴികൾ നികത്തി... കാടുകയറി കിടന്ന പച്ചത്തുരുത്തുകളിലേക്ക് പതുക്കെ കയറി, പിന്നെ ഇവയെ മൂടി പെരിയാർ പരന്നൊഴുകി.      ഇതേ സമയം പാലത്തിന് മുകളിലൂടെ നൂറുകണക്കിന് വാഹനങ്ങൾ ഓടുന്നുണ്ടായിരുന്നു. ഒരുമീറ്റർ ജലം മാത്രമാണ് ഉയർന്നത്. ആർക്കും ഒരു ശല്യവുമില്ലാതെ നല്ല സുന്ദരമായ കാഴ്ചയാണ് ഒരുക്കിയത്‌. അന്ന്‌ ഭീതിയോടെ കണ്ടിരുന്ന ജനം ഇന്ന്‌ ചരിത്രമുഹൂർത്തത്തിന്‌ സാക്ഷിയാകാൻ കാത്തുനിന്നു. 2018ൽ 30 ദിവസമാണ്‌ ഷട്ടർ തുറന്നുവിട്ടത്.  അണക്കെട്ടിലെ പകുതിയിലേറെ വെള്ളമായ 1063.226 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുക്കിവിട്ടു. അന്ന് കാനേഡിയൻ സാങ്കേതിക വിദ്യയിൽ നിർമിച്ച പാലത്തിന്റെ മുകളിലൂടെ ജലപ്രവാഹം ആർത്തലച്ച്‌ തട്ടിത്തകർത്ത്‌ പോയിട്ടും കൈവരികൾ തകർന്നതല്ലാതെ ഒരു കുലക്കവും ഉണ്ടായില്ല. അലങ്കാരപ്പനകളും വൃക്ഷങ്ങളും വൻപാറയും വന്ന് പാലത്തിന്റെ തൂണുകളിൽ ഇടിച്ചിരുന്നു.      ഇക്കുറി കൃത്യമായ മുൻകരുതലുകളോടെയാണ് പകൽ 11ന് ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടർ തുറന്നത്. നിർമാണത്തിലിരിക്കുന്ന പുതിയ ചെറുതോണി പാലത്തിന് തകരാറുണ്ടോയെന്ന് ജലവിഭമന്ത്രി റോഷി അഗസ്റ്റിനും  വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും വിലയിരുത്തി. ഇതിനുശേഷം നാലാമത്തെയും രണ്ടാമത്തെയും ഷട്ടർ തുറന്നു. വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളില പെരിയാറിന്റെ കരയിലുള്ള 64 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിയിരുന്നു. Read on deshabhimani.com

Related News