8 വർഷം വാടകയ്‌ക്ക്‌; ഇനി സ്വപ്‌നവീട്ടിൽ

ലൈഫ് ഭവനപദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ വീട്ടിൽ സിജുവും കുടുംബവും


തൊടുപുഴ കരിമണ്ണൂർ പഞ്ചായത്തിലെ കോട്ടക്കവല വേട്ടൂർകുന്നേൽ വി ആർ സിജുവും കുടുംബവും ഇനി മുതൽ സ്വന്തം വീട്ടിൽ താമസിക്കാമെന്നതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ എട്ട് വർഷമായി വാടകയ്ക്കായിരുന്നു സിജുവും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഇവർക്കൊരു വീടെന്നത്‌ സ്വപ്നമായിരുന്നു.      ഇതിനിടെയാണ് ലൈഫ് ഭവനപദ്ധതി പ്രകാരം ഭവനരഹിതർക്ക് വീട് നിർമിക്കാൻ ധനസഹായം ലഭിക്കുന്നതിനുള്ള പട്ടികയിൽ സിജുവും ഉൾപ്പെട്ടത്. ഇതോടെ ഓട്ടോറിക്ഷ തൊഴിലാളിയായ സിജു കഠിനാധ്വാനം ചെയ്തും മിച്ചം പിടിച്ചും ഒരു വിധം സ്വരുക്കൂട്ടിയ പണംകൊണ്ട് കോട്ടക്കവലയിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങി. തുടർന്ന് പഞ്ചായത്ത്‌ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കാര്യങ്ങൾ വേഗത്തിലായി. നാല് ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു. ഇതോടെ വീട് നിർമാണം ആരംഭിച്ചു.   ചുരുങ്ങിയ ദിവസംകൊണ്ട് വീടിന്റെ നിർമാണം പൂർത്തീകരിക്കാനായി. രണ്ട് കിടപ്പ് മുറി, ഹാൾ, അടുക്കള, സിറ്റൗട്ട്‌, ടോയ്‌ലെറ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങൾ വീട്ടിലുണ്ട്‌. തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമെന്നാണ് ഗൃഹപ്രവേശന ചടങ്ങിനുശേഷം സിജു പറഞ്ഞത്. ഇതിന് സർക്കാരിനോടും പഞ്ചായത്തിനോടും ഉദ്യോഗസ്ഥരോടുമെല്ലാം നന്ദി പറയുകയാണ് സിജുവും കുടുംബവും. Read on deshabhimani.com

Related News