വാക്‌സിനേഷൻ തടസ്സപ്പെടുത്താനുള്ള നടപടിയിൽ പ്രതിഷേധം



കരിമണ്ണൂർ വണ്ണപ്പുറം പഞ്ചായത്തിൽ കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പ്‌ തടസ്സപ്പെടുത്താനുള്ള ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെ നടപടിയിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകൾ വാക്‌സിൻ എടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇവർ ജീവനക്കാർക്കെതിരെ വ്യാജ പ്രചാരണം നടത്തുകയും കുത്തിവയ്‌പ്പിനായി സൂക്ഷിച്ചിരുന്ന മരുന്നും രജിസ്റ്ററുമായി സ്ഥലം വിടുകയും ചെയ്‌തു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ചാർജുകാരനായ മെഡിക്കൽ ഓഫീസർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ്‌ ഇടപെട്ടാണ്‌ മരുന്നുപെട്ടി തിരികെയെത്തിച്ചത്‌.  വാക്‌സിനേഷന്‌ ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തിടത്ത്‌ യോഗ്യതയുള്ളവരെ താൽക്കാലികമായി എടുക്കാൻ സർക്കാർ നിർദേശമുണ്ട്‌. വണ്ണപ്പുറത്തും ബിഎസ്‌സി നേഴ്‌സിങ്‌ പാസായ രണ്ടുപേരെ കുത്തിവയ്‌പ്പിനായി എടുത്തിരുന്നു. വാക്‌സിനെടുക്കാൻ ആളുകൾ  എത്തിയപ്പോൾ താൽക്കാലിക ജീവനക്കാർക്ക്‌ പരിചയമില്ലാത്തതിനാൽ കുഴപ്പമാകുമെന്ന പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലിചെയ്യുന്ന കോൺഗ്രസ്‌–- ബിജെപി അനുകൂല സംഘടനാ പ്രവർത്തകരായ ജീവനക്കാർ വാക്‌സിനേഷൻ പ്രവർത്തനം ഏതുവിധേനയും തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ്‌ ഈ നീക്കം. കുത്തിവയ്‌പ് തടസ്സപ്പെടുത്താൻ ശ്രമിച്ച ജീവനക്കാർക്കെതിരെ മെഡിക്കൽ ഓഫീസർ റിപ്പോർട്ട്‌ നൽകിയതായാണ്‌ അറിയുന്നത്‌. തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ വാക്‌സിനേഷൻ നടത്തുമെന്നും തടയാൻ ശ്രമിച്ച ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. Read on deshabhimani.com

Related News