തൊടുപുഴയിൽ സെക്കൻഡ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ ഒന്നുകൂടി



തൊടുപുഴ തൊടുപുഴയിൽ അടുത്തദിവസം മുതൽ പുതുതായി ഒരു ദ്വിതല(സെക്കൻഡ്‌ ലൈൻ) കോവിഡ്‌ ചികിത്സാകേന്ദ്രംകൂടി ആരംഭിക്കും. തൊടുപുഴ–- മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂരിലെ ഷെറൊൺ കൾച്ചറൽ സെന്ററാണ്‌ ചികിത്സാകേന്ദ്രമായി പ്രവർത്തിക്കുക. തൊടുപുഴ മേഖലയിൽ വ്യാപകമായി കൂടുതൽ കോവിഡ്‌ പോസിറ്റീവ്‌ രോഗം റിപ്പോർട്ട്‌ ചെയ്‌ത സാഹചര്യത്തിലാണ്‌ ചികിത്സാകേന്ദ്രം തുറക്കുന്നത്‌‌. നിലവിൽ ന്യൂമാൻ കോളേജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇത്തരം കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്‌.     ഷെറൊൺ കൾച്ചറൽ സെന്ററിൽ വ്യാഴാഴ്‌ച വൈകിട്ടോ വെള്ളിയാഴ്‌ച രാവിലെയോ പ്രവർത്തനം തുടങ്ങാനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. ശ്വാസതടസ്സം ഉൾപ്പെടെ ബുദ്ധിമുട്ടുകളുള്ള ക്ലസ്‌റ്റർ ബി ലെവൽ രോഗികളെയാകും ഇവിടെ പ്രവേശിപ്പിക്കുക. ഇതിനായി നൂറ്‌ കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്‌. ന്യൂമാൻ കോളേജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിലെ ചികിത്സാകേന്ദ്രത്തിൽ നിലവിൽ 40 കിടക്കകളുണ്ട്‌. ഇരുപത്‌ കിടക്കകൾകൂടി ഇവിടെ സജ്ജീകരിക്കും.      വീടുകളിൽ കോവിഡ്‌ നിരീക്ഷണത്തിൽ കഴിയാൻ സാഹചര്യമില്ലാത്തവർക്കായി പുതിയ സംവിധാനത്തെക്കുറിച്ചും ആരോഗ്യവകുപ്പ്‌ ആലോചിക്കുന്നു. വീടുകൾക്ക്‌ സമാനമായ അന്തരീക്ഷത്തിൽ ഇവരെ കെയർ സെന്ററുകളിൽ(ഡോമിസിലറി/ കെയർ സെന്റർ) പാർപ്പിക്കാനുള്ള നിർദേശം അടുത്ത ദിവസം കലക്ടർക്ക്‌ സമർപ്പിച്ചേക്കും. മുട്ടത്തെ വർക്കിങ്‌ വിമൻസ്‌ ഹോസ്‌റ്റൽ, കുമളി ഹോളിഡേ ഹോം, മൂന്നാർ ശിക്ഷക്‌ സദൻ എന്നിവയാണ്‌ പരിഗണിക്കുന്നത്‌. Read on deshabhimani.com

Related News