കട്ടിലോ, അലമാരയോ... 
ആരും അതിശയിക്കും നിർമാണം



കരിമണ്ണൂർ പ്രേംസൺ നിർമിച്ച കട്ടിലിന് വില അൽപം കൂടുമെങ്കിലും ഉപയോഗം പലതാണ്‌‌. അലമാരയായി ഉപയേഗിക്കാം. വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും പണവും സൂക്ഷിക്കാനുള്ള അറകളും കട്ടിലിൽ സുലഭം. കരിമണ്ണൂർ സ്വദേശിയായ കുമ്പിളിമൂട്ടിൽ പ്രേംസൺ മരപ്പണി തുടങ്ങിയിട്ട് വർഷം 32 കഴിഞ്ഞു. പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ മരപ്പണി ജീവിതമാർഗമായി തെരഞ്ഞെടുക്കുകയായിരുന്നു. അടുത്ത നാളിൽ കരിമണ്ണൂരിലെ റിട്ട. പ്രഥമാധ്യാപകനായ പാറത്താഴത്ത് ഫ്രാൻസിസ് സാലസ് ലൂക്ക് കട്ടിൽ പണിയുന്നതിന് പ്രേംസണോട്‌ ആവശ്യപ്പെട്ടു. തടി അറുക്കാൻ ചെന്ന മില്ലുകാരൻ കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ പുതിയ കട്ടിലിന്റെ ആശയം കിട്ടിയത്‌‌. ‘ഗ്രോ ലിഫ്റ്റ് ബെഡ് ഫിറ്റിങ്സ് ഈസി ഫിറ്റ്’ എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. ആവശ്യമായ ലിവർ കേരളത്തിൽ കിട്ടാനില്ലാത്തതിനാൽ മുംബൈയിൽനിന്ന് വരുത്തുകയായിരുന്നു.      ആറേകാൽ അടി നീളവും അഞ്ചടി വീതിയുമുള്ള കട്ടിലിൽ ബഡ്‌ വിരിക്കുന്ന പലക ഉയർന്നിരിക്കും. ബെഡ് ഇടുന്ന പലകയ്‌ക്കടിയിൽ വിവിധ അറകളുള്ള അലമാരയാണ്‌. ഒരു വീട്ടിൽ ആവശ്യമുള്ള മുഴുവൻ വസ്ത്രങ്ങളും സുരക്ഷിതമായി അറകളിൽ സൂക്ഷിക്കാം. ഇതിനുള്ളിൽ വായു സമ്പർക്കത്തിനുള്ള സംവിധാനവുമുണ്ട്. തലയിണ വയ്‌ക്കുന്ന ഭാഗത്താണ് ചെറിയ അറകൾ. ഇവിടെ സ്വർണവും പണവും സുരക്ഷിതമായി സൂക്ഷിക്കാം. തേക്കുതടിയിലാണ് നിർമാണം. ഏകദേശം അറുപതിനായിരം രൂപ തടിക്ക്‌ മാത്രം ചെലവ്. യന്ത്രത്തിന്റെ സഹായം കൂടാതെ 30 ദിവസത്തെ അധ്വാനമാണ് വേണ്ടിവന്നത്. നാട്ടുപ്രദേശത്ത്‌ ആദ്യമായി നിർമിച്ച വിവിധ ഉപയോഗമുള്ള ഈ കട്ടിൽ കാണാൻ നിരവധി പേരാണ് പാറത്താഴത്ത് വീട്ടിൽ എത്തുന്നത്. Read on deshabhimani.com

Related News