കണ്ണീർപൂക്കൾക്ക് സ്മാരകമുയർന്നു



ചെറുതോണി   2018 ലെ മഹാപ്രളയത്തിൽ ഉപ്പുതോട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞ  നാലുപേരുടെ ഓർമക്കായി സ്മാരകമുയർന്നു.  ഉപ്പുതോട്പള്ളി വികാരി ഫാ. ഫിലിപ്പ് പെരുന്നാട്ട് മുൻകൈ എടുത്താണ്‌ സ്‌തൂപം നിർമിച്ചത്‌. ഉപ്പുതോട് പള്ളിസിറ്റിയിൽ നിന്നും ദേവാലയത്തിലേക്കുള്ള റോഡിലൂടെ നടന്നാൽ വില്ലേജോഫീസിനും ഉപ്പുതോട്‌ ദേവാലയത്തിനും സമീപത്താണ്‌ സ്മാരകം തീർത്തിരിക്കുന്നത്. 2017 ആഗസ്‌ത്‌ 17 ലെ വെള്ളിയാഴ്ച രാത്രി ഒരു നടുക്കത്തോടെ മാത്രമെ നാട്ടുകാർക്ക് ഓർക്കാൻ കഴിയൂ. ആ രാത്രിയിലാണ് ഒരു വീട്ടിലെ മൂന്നു പേരുൾപ്പെടെ നാലുപേരെ ഉരുളെടുത്തത്‌. അയ്യപ്പൻ കുന്നേൽ മാത്യു, ഭാര്യ രാജമ്മ, മകൻ വിശാൽ,  വിശാലിന്റെ സുഹൃത്തും അയൽക്കാരനുമായ ടിന്റും മാത്യു എന്നിവരാണ് മരിച്ചത്. ടിന്റുവിന്റെ അമ്മയുടെ  കണ്ണുനീർ ഇന്നും തോർന്നിട്ടില്ല. മണ്ണിനടിയിൽപ്പെട്ടുപോയ രാജമ്മയുടെ മൃതദേഹം കണ്ടെടുക്കാനായില്ല.  ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് ഉപ്പുതോട് പള്ളിയിലുള്ള ദുരിതാശ്വാസ ക്യാമ്പിൽനിന്ന് 200 മീറ്ററിലുള്ള വീട്ടിലെത്തി അഞ്ച് മിനിറ്റിനകം ഉരുൾപൊട്ടി വൻമലയടക്കം ഇവരുടെ വീട്ടിലേക്കു പതിക്കുകയായിരുന്നു. ക്യാമ്പിലുള്ളവരെ ആശ്വസിപ്പിച്ചും ഭക്ഷണം വിളമ്പിയശേഷം വീട്ടിലേക്കു പോയ ഇവരുടെ മരണം നാട്ടുകാർക്ക് ഇന്നും കണ്ണീരോർമയാണ്. സ്‌മാരകം  ഒന്നുകാണാതെ ആർക്കും മുന്നോട്ടുപോകാനാവില്ല. ദീർഘകാലം ഉപ്പുതോട് പള്ളി വികാരിയായിരുന്ന ഫാ: ജോസ് കോയിക്കക്കുടിയാണ് സ്മാരകം അനാച്ഛാദനം ചെയ്തത്. Read on deshabhimani.com

Related News