v



രാജാക്കാട് കോവിഡ്‌ പ്രതിസന്ധിയിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം പതിയെ സജീവമാവുകയാണ്‌. മലകയറി ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികൾക്ക്‌ ദൃശ്യവിരുന്നൊരുക്കാൻ കാത്തിരിപ്പുണ്ട്‌ ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസും. കോവിഡ്‌ കാരണം അടച്ചിട്ടതോടെ പ്രദേശത്തെ കച്ചവടക്കാരും തൊഴിലാളികളും മറ്റ്‌ ജോലികൾ തേടി പോയിരുന്നു. ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ തുറന്നതോടെ അവരും മടങ്ങിയെത്തി തുടങ്ങിയിരിക്കുന്നു.     മൂന്നാർ നല്ലതണ്ണി മലനിരകളിലെ തണുപ്പും തെളിനീരുമായി പാറക്കെട്ടിലൂടെ കുതിച്ചെത്തുന്ന മുതിരപ്പുഴയാറിന്റെ മടിത്തട്ടിലാണ്‌ ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിന്റെ ഹൃദയം പുഴയും അതിലെ അഞ്ച് വെള്ളച്ചാട്ടങ്ങളുമാണ്. 150 അടിയിലേറെ താഴ്ചയുണ്ട് ആദ്യ ജലപാതത്തിന്. തൊട്ടുതാഴെയായി വലുതും ചെറുതുമായ നാലു വെള്ളച്ചാട്ടങ്ങൾ. ചുറ്റിലും ഉയർന്നു നിൽക്കുന്ന കൃഷിയിടങ്ങൾ നിറഞ്ഞ മലകളും പ്രശാന്തമായ അന്തരീക്ഷവും പടിഞ്ഞാറൻ താഴ്‌വാരം കടന്നെത്തുന്ന കാറ്റും മായികമായ ആകർഷണമാണ്. സഞ്ചാരികൾക്കായി മികച്ച സൗകര്യവും ഡിടിപിസി ഇവിടെ ഒരുക്കിയിരിക്കുന്നു.  ടൈൽ വിരിച്ച് ആകർഷകമാക്കിയ നടപ്പാതകൾ, പവലിയനുകൾ, ടോയ്‌ലെറ്റ്‌, ഷോപ്പിങ് ഏരിയ, വ്യൂ പോയിന്റ്‌, കഫ്‌റ്റീരിയകൾ, ടിക്കറ്റ് കൗണ്ടർ, ആമ്പൽകുളം, കുടിവെള്ള സൗകര്യം, വെള്ളച്ചാട്ടങ്ങളുടെ സമീപം വരെയെത്തി കാഴ്ചകൾ ആസ്വദിക്കുന്നതിനായി പടികളോടുകൂടിയ നടപ്പാത, കൈവരികൾ, ഡ്രസിങ് റൂം, പുഴയിൽ ഇറങ്ങി കുളിക്കുന്നതിനായി പ്രകൃതിദത്ത കുളിക്കടവ്, വെള്ളച്ചാട്ടത്തിന്‌ എതിർവശത്തായി പുഴയിലേക്കിറങ്ങി നിൽക്കും വിധമുള്ള പവലിയനും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.  കഴിഞ്ഞവർഷം ഒന്നര ലക്ഷത്തോളം പേരാണ് ഇവിടെ സന്ദർശിച്ചത്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രളയം കനത്ത പ്രഹരമേൽപ്പിച്ചപ്പോഴും ഇവിടെയെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിരുന്നില്ല. ഒടുവിൽ കോവിഡാണ്‌ തിരിച്ചടിയായത്‌. അടിമാലിയിൽനിന്ന്‌ കുഞ്ചിത്തണ്ണി വഴി പൂപ്പാറയ്‌ക്കുള്ള സംസ്ഥാനപാത കടന്നുപോകുന്ന തേക്കിൻകാനത്തിനും അടിമാലി–- പൊന്മുടി റൂട്ടിലെ പന്നിയാർകുട്ടി ടൗണിനും നടുവിലായാണ് ഈ കേന്ദ്രം. ഈ രണ്ടു പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന തേക്കിൻകാനം–- പന്നിയാർകുട്ടി റോഡിലൂടെ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇവിടെയെത്താം. Read on deshabhimani.com

Related News