ആവശ്യമെങ്കില്‍ കൂടുതല്‍ വനപാലകരും വാഹനങ്ങളും ലഭ്യമാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയ അടയാളക്കല്ലിൽ മന്ത്രി റോഷി അഗസ്റ്റിൻ എത്തിയപ്പോൾ


കട്ടപ്പന വന്യജീവി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലേക്ക് കൂടുതൽ വനപാലകരെയും വാഹനങ്ങളും ലഭ്യമാക്കാൻ സർക്കാർ സജ്ജമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയ അടയാളക്കല്ല് മേഖല സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വിഷയം മുഖ്യമന്ത്രി, വനം മന്ത്രി എന്നിവരുമായി ചർച്ച നടത്തി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചാൽ തെരച്ചിൽ ശക്തമാക്കി പിടികൂടാൻ കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കും. വന്യജീവി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ വനപാലകർക്ക് വേഗത്തിൽ എത്തിച്ചേരുന്നതിന് വാഹനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. വിവിധ സ്ഥലങ്ങളിൽ വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയതിനാൽ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. സഞ്ചാരപഥം കണ്ടെത്താൻ കൂടുതൽ ക്യാമറകളും സ്ഥാപിക്കണം. ഇക്കാര്യത്തിൽ വനപാലകർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതേസമയം അനാവശ്യ ഭീതി പടർത്തരുതെന്നും മഞ്ഞപ്പാറ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയെന്ന വിവരം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വന്യജീവിയെ നേരിൽക്കണ്ട പ്രദേശവാസികളോടും പ്രദേശത്ത് നിരീക്ഷണം നടത്തുന്ന വനപാലകരോടും മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചൻ വെള്ളക്കട, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News