കർഷകർക്ക് കണ്ണീർക്കാലം



വണ്ടൻമേട് കാലംതെറ്റി എത്തിയ മഴ തകർത്തു പെയ്‌തതോടെ ഹൈറേഞ്ചിലെ കർഷകർ ദുരിതം കൊയ്യുകയാണ്‌. കാലാവസ്ഥ വ്യതിയാനം കാരണം ഭൂരിഭാഗം കൃഷിയും പ്രതിസന്ധിയിലായി. കാലങ്ങൾക്കിപ്പുറം വീണ്ടും നെല്ലറയാകാൻ ഒരുങ്ങിനിന്ന അണക്കര പാടശേഖരത്ത് മഴയും മൂടൽമഞ്ഞും പതിവായതോടെ വിളഞ്ഞ നെല്ല് കൊയ്‌തെടുക്കാനോ മെതിക്കാനോ സാധിക്കുന്നില്ല. കോവിഡ്കാലത്ത് തൊഴിൽ നഷ്ടമായെങ്കിലും നെല്ലിൽ പ്രതീക്ഷയർപ്പിച്ച ചെല്ലാർകോവിൽ സ്വദേശി നിറ്റോ ആന്റണി ഒരേക്കറിലാണ്‌ കൃഷിയിറക്കിയത്. എന്നാൽ, വിളവെടുപ്പ് ആരംഭിച്ചതോടെ കാലാവസ്ഥ വില്ലനായി. അഞ്ചു ദിവസംമുമ്പ് നെല്ല്‌ കൊയ്‌തെങ്കിലും തുടർച്ചയായി മഴയും മൂടൽമഞ്ഞും എത്തിയതോടെ കൊയ്‌തെടുത്ത കറ്റ മെതിക്കാനാകുന്നില്ല.  ഇടക്കാലത്ത്‌ വേനൽ എത്തിയപ്പോയാണ്‌ കൊയ്‌ത്ത്‌ പൂർത്തിയാക്കിയത്. യന്ത്രമെത്തിച്ച്‌ മെതിക്കാൻ ശ്രമിക്കുമ്പോഴാണ് കൊയ്‌തുകൂട്ടിയ കറ്റകളിൽ അഴുകലും പൂപ്പലും ബാധിച്ചത്‌ മനസ്സിലായത്‌. നെല്ലുൽപ്പാദനത്തിന് പുറമേ കന്നുകാലി തീറ്റയ്‌ക്ക്‌ വൈക്കോൽ ലഭിക്കുന്നുവെന്നതാണ് സാമ്പത്തിക നഷ്ടം സഹിച്ചും നെൽകൃഷി തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. എന്നാൽ, വൈക്കോൽ ഉണക്കിയെടുക്കാൻ കഴിയാതെ പൂപ്പൽ ബാധിച്ചതോടെ ഒരു വർഷത്തെ അധ്വാനമാണ് പാഴായത്. കൊയ്‌തെടുക്കാൻ കഴിയാത്ത ചില പാടങ്ങളിലെ നെല്ല് വെള്ളത്തിൽ അടിഞ്ഞ് അഴുകിയ നിലയിലാണ്. പ്രദേശത്തെ ഏക്കറുകണക്കിന് പാടങ്ങളിലും സ്ഥിതി സമാനമാണ്.      മഴയും മഞ്ഞും മാറി മാനം തെളിഞ്ഞെങ്കിലും വെള്ളക്കെട്ടിൽ വീണുപോയ കതിരുകൾ അഴുകിയും മുളച്ചും നശിച്ചു. കൃഷിഭവനിലെ ഉദ്യോഗസ്ഥരും ചക്കുപള്ളം പഞ്ചായത്ത് അധികൃതർ പ്രസിഡന്റിന്റെ നേതൃത്വത്തിലും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും തുടർകൃഷിക്ക് സഹായം നൽകുന്നതിനും കൃഷി വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ രാമചന്ദ്രൻ അറിയിച്ചു. വൈസ് പ്രസിഡന്റ്‌ അന്നക്കുട്ടി വർഗീസ്, അംഗങ്ങളായ പി ടി മാത്യു, ജോസ് പുതുമന, സൂസൻ മാത്യു എന്നിവരും കൃഷിയിടം സന്ദർശിച്ചു. നെൽകൃഷി നാശത്തിന് തക്കതായ ധനസഹായം സർക്കാർ തലത്തിൽനിന്ന്‌ അടിയന്തരമായി ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം. Read on deshabhimani.com

Related News