പോരൂ, ഒഴുകിനടക്കാം നീലത്തടാകങ്ങളിൽ

ചെങ്കുളം അണക്കെട്ടിൽ ബോട്ട് സവാരി നടത്തുന്ന വിനോദസഞ്ചാരികൾ ചിത്രം/ വി കെ അഭിജിത്


  അടിമാലി ജലാശയങ്ങളിലെ നീലത്തടാകത്തിലേക്ക് സഞ്ചാരികളെ മാടി വിളിക്കുകയാണ്‌ ഹൈറേഞ്ച്. കനത്തമഴയെ തുടർന്ന് അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ ജില്ലയിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങളിലെ ജലാശയങ്ങളിൽ ബോട്ടിങ്‌ ആരംഭിച്ചു. ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായാണ് സഞ്ചാരികൾക്ക് ജലാശയത്തിന്റെ ഭംഗിനുകരാൻ ബോട്ടിങ്‌ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മഴ കുറഞ്ഞ്‌ ഹൈറേഞ്ചിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ മൂന്നാർ, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ഗുണ്ടള, ആനയിറങ്ങൽ, ചെങ്കുളം എന്നിവിടങ്ങളിലെ വോട്ടിങ്‌ കേന്ദ്രങ്ങളും സജീവമായി.  നീലത്തടാകത്തിലെ ഓളപ്പരപ്പുകൾക്ക് മുകളിൽ ഒരു മണിക്കൂർ കുട്ടികളടക്കം അഞ്ചുപേർക്ക് സഞ്ചരിക്കാൻ 910- –- 1000 രൂപ വരും. വലിയ സംഘങ്ങളായി എത്തുന്നവർക്ക് സഞ്ചരിക്കാൻ ശിക്കാരബോട്ടും പൊൻടൂൺ ബോട്ടും ഒരുക്കിയിട്ടുണ്ട്. 1750 –1950 രൂപ വരുന്ന പൊൻടൂൺ ബോട്ടിൽ 20 പേർക്ക് പ്രവേശിക്കാം. ശിക്കാര ബോട്ടിൽ 40 പേർക്കും. ഒരാൾക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്.  തടാകത്തിന് മുഴുവൻ സൗന്ദര്യവും ആസ്വദിച്ച്‌ പെഡൽ ബോട്ടിൽ രണ്ടുപേർക്ക് അരമണിക്കൂർ ഡാം ചുറ്റി വരാൻ 400 രൂപയാകും. അതിവേഗം ചീറിപ്പാഞ്ഞു പോകുന്ന വാട്ടർ സ്കൂട്ടറുകളാണ് മാട്ടുപ്പെട്ടി ജലാശയത്തിലെ മുഖ്യ ആകർഷണം. ഈ വാട്ടർ സ്കൂട്ടറിൽ ഒന്നുകറങ്ങാൻ 300 രൂപയാണ്‌ നിരക്ക്‌. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി കയാക്കിങ്‌, കുട്ടവഞ്ചി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.   ഹൈറേഞ്ചിന്റെ വശ്യമനോഹാരിത ആസ്വദിക്കാൻ ബോട്ടിങ് കേന്ദ്രങ്ങൾക്ക്  സമീപത്തായി പാർക്കുകളും ഹൈഡൽ ടൂറിസം ഒരുക്കിയിട്ടുണ്ട്. ഓണനാളുകൾ അടുക്കുന്നതോടെ  വിനോദസഞ്ചാര മേഖലയെ ആകെ ഉണരുമെന്ന് ശുഭപ്രതീക്ഷയാണ് ഹൈറേഞ്ചിനുള്ളത്.     Read on deshabhimani.com

Related News