വന്യജീവി ഭീതിയില്‍ ഇടിഞ്ഞമലയും 
അടയാളക്കല്ലും: റോഡ് ഉപരോധിച്ച് നാട്ടുകാർ



കട്ടപ്പന ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് മേഖലകളിൽ തുടർച്ചയായ മൂന്നാം ദിവസവും വന്യജീവി സാന്നിധ്യം. കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ നിരവധി സ്ഥലങ്ങളിൽ കണ്ടെത്തി. തുടർന്ന് വെള്ളി രാവിലെ എട്ടോടെ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും തേനാലിസിറ്റിയിൽ കാമാക്ഷി-അടയാളക്കല്ല് റോഡ് ഉപരോധിച്ചു. വൈകിട്ടോടെ അടയാളക്കല്ലിലും ഇടിഞ്ഞമലയിലുമായി മൂന്നു ക്യാമറകൾ സ്ഥാപിച്ചു. അടയാളക്കല്ല് മുരുത്തൻകോട് സുരേഷിന്റെ പുരയിടത്തിൽ പലസ്ഥലങ്ങളിലായി കാൽപ്പാടുകൾ കണ്ടെത്തി. വ്യാഴം രാത്രി എട്ടോടെ വലിയൊരു ജീവി വീടിന്റെ സമീപത്തുകൂടി ഓടിമറിയുന്നത് സുരേഷിന്റെ വൃദ്ധമാതാവ് ലീലാമ്മയും കണ്ടിരുന്നു. ഇവരുടെ വീടിന്റെ മുമ്പിലൂടെ പോകുന്ന കാമാക്ഷി- അടയാളക്കല്ല് റോഡിന്റെ വശങ്ങളിൽ പലസ്ഥലങ്ങളിലും കാൽപ്പാടുകളുണ്ട്. ഇവിടുന്ന് ഏതാനും മീറ്ററകലെ, അടയാളക്കല്ല് ദേവിക്ഷേത്രത്തിന്റെ പിൻവശത്തായി പാറക്കെട്ടുകൾ നിറഞ്ഞ മലഞ്ചെരിവ് കാടുപിടിച്ച് കിടക്കുകയാണ്. ബുധനാഴ്ച പുലർച്ചെ ഇടിഞ്ഞമല വെച്ചൂർ ഹരികൃഷ്ണന്റെ പുരയിടത്തിലും കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. വിവരമറിയിച്ച് നാല് മണിക്കൂറിനുശേഷമാണ് കട്ടപ്പന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി കെ സന്തോഷിന്റെ നേതൃത്വത്തിലുള്ള വനപാലകർ എത്തിയത്. തുടർന്ന് സമരക്കാരുമായി ചർച്ച നടത്തി. വന്യജീവി സാന്നിധ്യമുണ്ടായ മേഖലകളിൽ ക്യാമറ ട്രാപ്പ് സ്ഥാപിക്കാമെന്ന ഉറപ്പിനെ തുടർന്ന് 12 ഓടെ റോഡ് ഉപരോധം അവസാനിപ്പിച്ചു. തങ്കമണി എസ്‌ഐ കെ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. വന്യജീവി സാന്നിധ്യം സ്ഥിരീകരിച്ചാൽ കൂട് സ്ഥാപിച്ച് പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഫോറസ്റ്റ് ഓഫീസ് പടിക്കൽ സത്യഗ്രഹം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി അറിയിച്ചു. പ്രദേശവാസികളായ അമ്പതോളം പേരും സമരത്തിൽ പങ്കെടുത്തു. രണ്ടിടങ്ങളിലായി മൂന്ന് കാമറകൾ കട്ടപ്പന സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ വനപാലക സംഘം വൈകിട്ട് 4.30 ഓടെ ഇടിഞ്ഞമല വെച്ചൂർ ഹരികൃഷ്ണന്റെ വീടിനോടുചേർന്ന് ഒരു ക്യാമറയും അടയാളക്കല്ല് ക്ഷേത്രത്തിനുസമീപമുള്ള പാറക്കെട്ടിൽ രണ്ട് ക്യാമറകളും സ്ഥാപിച്ചു. 
    ഇതിനിടെ ക്യാമറ സ്ഥാപിക്കുന്നതിനിടെ പാറക്കെട്ടിന്റെ മറ്റൊരു ഭാഗത്തുനിന്ന് പുലി ഓടിമറഞ്ഞതായി അഭ്യൂഹമുണ്ടായി.  ഗുഹ മാതൃകയിലുള്ള പാറയിടുക്കിൽ വന്യജീവി എത്താൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ നേരത്തെ വിവരം നൽകിയിരുന്നു. കാടുപിടിച്ചുകിടന്ന ഈ പ്രദേശം നാട്ടുകാർ ചെറിയരീതിയിൽ വെട്ടിത്തെളിച്ചിട്ടുണ്ട്. Read on deshabhimani.com

Related News