ഗ്രൂപ്പുതിരിഞ്ഞ്‌ തമ്മിലടിച്ചവർ 
ഹീനകൃത്യത്തിൽ ഒറ്റക്കെട്ട്‌



    ഇടുക്കി ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ അരുംകൊലചെയ്‌ത കെഎസ്‌യു– യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ നേതാക്കളെ ജനമധ്യത്തിൽ തള്ളിപ്പറയാതെ കോൺഗ്രസ്‌ നേതൃത്വം. ഇവരെ സമൂഹമാധ്യമങ്ങളിൽ ന്യായീകരിച്ചും വെള്ളപൂശിയും കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും നടത്തുന്ന ഹീനപ്രവൃത്തിയാണിപ്പോൾ ചർച്ചയാകുന്നത്‌. സംഘടനാ തെരഞ്ഞെടുപ്പു കാലത്ത്‌ കോൺഗ്രസ്‌ സുധാകരപക്ഷം, എയും ഐയും ഒക്കെയായി ഗ്രൂപ്പുതിരിഞ്ഞ്‌ തമ്മിലടിച്ചവർ എസ്‌എഫ്‌ഐ പ്രവർത്തകരുടെ നെഞ്ചിൽ കഠാര കുത്തിയിറക്കാനെത്തിയത്‌ ഒറ്റക്കെട്ടായി. കൊലപാതകത്തെ അപലപിക്കാൻ ഡിസിസി പ്രസിഡന്റ്‌ സി പി മാത്യുവോ മുൻ പ്രസിഡന്റുമാരായ റോയി കെ പൗലോസോ ഇബ്രാഹിംകുട്ടി കല്ലാറോ മുതിർന്ന നേതാക്കളോ തയ്യാറായിട്ടില്ല. മുഖ്യപ്രതി നിഖിൽ പൈലി ആയുധപരിശീലനം നടത്തിയതാകട്ടെ ഇടുക്കി എംപിയുടെ മുമ്പാകെയുമാണ്‌. കഠാരരാഷ്‌ട്രീയത്തിന്‌ നേതൃത്വം കൊടുത്ത കേസിലെ ഒന്നാംപ്രതി യൂത്ത് കോൺഗ്രസ് വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്‌യു ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്‌ ടോണി തേക്കിലക്കാട്ട്‌, ജില്ലാ ജനറൽ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട്‌ നാണിക്കുന്നേൽ നിതിൻ ലൂക്കോസ്‌, യൂത്ത്‌ കോൺഗ്രസ്‌ സജീവപ്രവർത്തകൻ ജസ്സിൻ ജോയി തുടങ്ങി പട്ടിക നീളുകയാണ്‌. പ്രതികൾക്ക്‌ എറണാകുളത്ത്‌ ഒളിയിടം ഒരുക്കിയത്‌ ഉന്നത കോൺഗ്രസ്‌ നേതാക്കളാണെന്നും ആക്ഷേപം ഉയരുന്നുണ്ട്‌. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ തമ്പടിച്ച്‌ ഇവരെത്തിയതും വ്യക്തമായ ആസൂത്രണമാണ്‌ തെളിയിക്കുന്നത്‌. വാഹനവും വസ്‌ത്രങ്ങളും പണവും നൽകി ഇവരെ സഹായിച്ചവരെല്ലാം സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്‌. ഇവരുടെ ബാങ്ക്‌ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും വിവരമുണ്ട്‌.     Read on deshabhimani.com

Related News