പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനലില്‍ വ്യാപാരികള്‍ക്ക് ദുരിതം

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനൽ


കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിൽ കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് വ്യാപാരികളെ വലയ്ക്കുന്നു. ഹോട്ടലുകൾ, ബേക്കറികൾ ഉൾപ്പെടെ 30ലേറെ സ്ഥാപനങ്ങളിൽ വില കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. ഹൈറേഞ്ചിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡാണ് കട്ടപ്പനയിലേത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടെർമിനലിലെ കടമുറികൾ ലേലം ചെയ്തപ്പോൾ കുടിവെള്ളം ലഭ്യമാക്കുമെന്ന് കരാറിലുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വ്യാപാരികളുടെ ബുദ്ധിമുട്ടിന് പരിഹാരമില്ല. ആഴ്ചയിൽ രണ്ടായിരം രൂപ കുടിവെള്ളത്തിനായി മാത്രം ചെലവഴിക്കുന്നു. ഹോട്ടലുകൾക്ക് മൂവായിരത്തിലധികം രൂപ വേണ്ടിവരും. വാടകയ്ക്കും മറ്റ് ചെലവുകൾക്കും പുറമേ കുടിവെള്ളത്തിനും പണം മുടക്കേണ്ടതിനാൽ കടയുടമകൾ ബുദ്ധിമുട്ടിലാണ്. ഇതിനുപുറമേ കടകളിലെ ജീവനക്കാർക്കായി പ്രത്യേക ശുചിമുറികളുമില്ല. സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷൻ പണം നൽകി ഉപയോഗിക്കുക മാത്രമാണ് ആശ്രയം. ഇത് വനിത ജീവനക്കാർക്ക് ബുദ്ധിമുട്ടാണ്. നിവേദനം നൽകി ബസ് സ്റ്റാൻഡ് ടെർമിനലിലെ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ്, നഗരസഭ ചെയർപേഴ്‌സന് നിവേദനം നൽകി. ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണം പാകം ചെയ്യുന്നതും ശുചീകരിക്കുന്നതും പുറത്തുനിന്ന് വെള്ളമെത്തിച്ചാണ്. വ്യാപാര മേഖലയിലെ പ്രതിസന്ധിക്കിടെ അധികച്ചെലവ് വ്യാപാരികൾക്ക് താങ്ങാനാകുന്നില്ല. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി മജീഷ് ജേക്കബ്, പി ജെ കുഞ്ഞുമോൻ, എം ആർ അയ്യപ്പൻകുട്ടി എന്നിവരാണ് നിവേദനം നൽകിയത്. Read on deshabhimani.com

Related News