വണ്ടിപ്പെരിയാറിൽ 200 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു



വണ്ടിപ്പെരിയാർ തുടർച്ചയായി പെയ്‌ത കനത്ത മഴയെത്തുടർന്ന് വണ്ടിപ്പെരിയാറിൽ പെരിയാറിന്റെ തീരത്തുള്ള നിരവധി വീടുകളിൽ വെള്ളംകയറി. ഇരുന്നൂറോളം കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വണ്ടിപ്പെരിയാർ ഗവ. യുപി സ്കൂൾ, മൂങ്കലാർ കമ്യൂണിറ്റി ഹാളുകൾ, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രാജാമുടി അങ്കണവാടി, കീരിക്കര എസ്റ്റേറ്റ് ഓഫീസ്, ചന്ദ്രവനം തുടങ്ങിയ കേന്ദ്രങ്ങളിൽ ക്യാമ്പ് ആരംഭിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങി.     ശനി രാവിലെ മുതൽ മണിക്കൂറുകളായി പെയ്ത കനത്ത മഴയെത്തുടർന്നാണ് പെരിയാർ നദിയും നദിയുടെ കൈത്തോട് ആയ ചോറ്റുപാറ -പെരിയാർ തോടും കരകവിഞ്ഞൊഴുകിയത്. നല്ലതമ്പി കോളനി, ചതമ്പൽ ലയം, നെല്ലിമല ജങ്‌ഷൻ, ചുരക്കുളം ആശുപത്രിക്ക് സമീപം കക്കിക്കവല, രാജാമുടി, കീരിക്കര തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.       രാത്രികാല രക്ഷാപ്രവർത്തനം അസാധ്യമാകും എന്നതിനാലാണ് പകൽതന്നെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‌ നടപടികൾ സ്വീകരിച്ചത്. വള്ളക്കടവ്, ഇഞ്ചിക്കാട്, മ്ലാമല, കീരിക്കര, മൂങ്കാലർ, ഗ്രാമ്പി തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. അപകടസാധ്യത നിലനിൽക്കുന്നതിനാൽ പഞ്ചായത്ത് സജ്ജീകരിച്ചിട്ടുള്ള ക്യാമ്പുകളിലേക്ക് തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ഉഷ അറിയിച്ചു. Read on deshabhimani.com

Related News