മറയൂരിന് വെളിച്ചം പകർന്ന് 
33 കെവി സബ്സ്റ്റേഷൻ



മറയൂർ വൈദ്യുതി തടസ്സത്തിന് പരിഹാരമായി മറയൂരിൽ 33 കെവി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂളിന് സമീപം പൂർത്തീകരിച്ച സബ്സ്റ്റേഷൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്‌തു. അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. സബ്സ്റ്റേഷൻ ഫലകം മുൻ വൈദ്യുതി മന്ത്രി എം എം മണി എംഎൽഎ അനാച്ഛാദനം ചെയ്‌തു.     മറയൂരിൽ സബ്സ്റ്റേഷൻ നിർമിക്കാൻ ഇടപെടലുകൾ നടത്തിയത്‌ എം എം മണി മന്ത്രിയായിരിക്കെയാണ്‌. തേയിലത്തോട്ടത്തിലൂടെയും കമ്പനി  നിയന്ത്രത്തിലൂടെയും തടസ്സങ്ങൾ നേരിട്ടാണ്‌ പതിറ്റാണ്ടുകളായി മറയൂർ മേഖലയിൽ വൈദ്യുതി എത്തിയിരുന്നത്. വൈദ്യുതി മുടക്കവും പതിവായി. വ്യവസായ സംരംഭങ്ങൾക്കും ഇത്‌ തടസ്സമായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് മറയൂരിൽ വൈദ്യുതി സബ്സ്റ്റേഷൻ നിർമിക്കാൻ 19.25 കോടി രൂപ തുക വകയിരുത്തിയതും യാഥാർഥ്യമായതും. പള്ളിവാസൽ പവർഹൗസിൽനിന്ന്‌ 55 കിലോമീറ്റർ ദൈർഘ്യമുള്ള ഓവർഹെഡ് ലൈൻ നിർമിച്ചാണ് ഈ സബ്സ്റ്റേഷനിലേക്ക്‌ വൈദ്യുതി എത്തിക്കുന്നത്. അഞ്ച്‌ എംവിഎ ശേഷിയുള്ള രണ്ട് 33/ 11 കെവി ട്രാൻസ്ഫോർമറുകളും അനുബന്ധ ഉപകരണങ്ങളും വിതരണത്തിനായി നാല് 11 കെവി ഫീഡറുകളും അടങ്ങുന്നതാണ് മറയൂർ സബ്സ്റ്റേഷൻ. സബ്സ്റ്റേഷൻ നിർമാണത്തിനായി 4.40 കോടി രൂപയും അനുബന്ധ ലൈനിന്റെയും നിർമാണത്തിനായി എട്ട് കോടി രൂപയും പള്ളിവാസൽ പവർ ഹൗസിൽ 66/ 33 കെവി ട്രാൻസ്ഫോർമർ ബേ നിർമിച്ച വകയിൽ 6.85 കോടി രൂപയും ചെലവഴിച്ചു.    ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കെഎസ്ഇബി ലിമിറ്റഡ് ചെയർമാൻ ബി അശോക്, ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ്, വി  മുരുകദാസ്, സൗത്ത് ട്രാൻസ്മിഷൻ ചീഫ് എൻജിനിയർ ശശാങ്കൻ നായർ, മറയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷാ ഹെൻട്രി ജോസഫ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി ടി മോഹൻദാസ്, ജില്ലാ പഞ്ചായത്തംഗം സി രാജേന്ദ്രൻ, വിജയ് കാളിദാസ്, വി സിജിമാൻ എന്നിവരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. Read on deshabhimani.com

Related News