പാലുകൊടുത്ത്‌ വളർത്താം ഡ്രാഗൺ കുഞ്ഞുങ്ങളെ

ബേബി പുരയിടത്തിൽ കൃഷി ചെയ്തിരിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് ചെടിക്കുസമീപം


നെടുങ്കണ്ടം പാലുകുടിച്ചാൽ മനുഷ്യനും മൃഗങ്ങളും മാത്രമല്ല സസ്യജാലങ്ങളും മികച്ചതാകുമെന്ന്‌ തെളിയിക്കുകയാണ് കമ്പംമെട്ട് സ്വദേശി അങ്ങാടിയിൽ ബേബി(പേഴേമാടം ബേബി). ചുവട്ടിൽ വളമായി പാലൊഴിക്കുന്നതിലൂടെ ഡ്രാഗൺഫ്രൂട്ട്‌ ചെടികൾ മികച്ച രീതിയിൽ വളരുമെന്ന്‌ മനസ്സിലായി. ഇതോടെ ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കുന്ന തോട്ടത്തിൽ മൂന്ന് മാസത്തിൽ ഒരിക്കൽ എല്ലാ പഴവർഗച്ചെടികളിലും ഒരു ലിറ്റർ പാൽ വീതം നൽകാൻ തുടങ്ങി.       ക്യാൻസർ രോഗികൾക്ക് ഏറ്റവും ഗുണമുള്ളതാണ്‌ ഡ്രാഗൺ ഫ്രൂട്ട്. വർഷത്തിൽ മൂന്ന്‌ തവണവരെ വിളവ് ലഭിക്കുന്ന ഡ്രാഗൺ ഫ്രൂട്ടിന് 200 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കം ലഭിക്കും. വളരെക്കുറഞ്ഞ അളവിൽ മാത്രം ജലസേചന സൗകര്യമുള്ളതിനാൽ കൃഷിച്ചെലവും കുറവാണ്. ജൂസ്, ജാം തുടങ്ങിയവ ഉണ്ടാകുന്നതിന് ഉപയോഗിക്കുന്നു. നിലവിൽ ഒരു കിലോയ്‌ക്ക് 100 മുതൽ 200 രൂപവരെ ലഭിക്കുന്നുണ്ട്‌. വിപണിയിൽ ഡ്രാഗൺ ഫ്രൂട്ട് തൈകൾക്ക്‌ 300 രൂപ വരെ വിലയുണ്ട്.  തായ്‌ലൻഡ്‌, വിയറ്റ്നാം, ശ്രീലങ്ക, ഇസ്രയേൽ തുടങ്ങിയ നാടുകളിൽ വ്യാപകമായി കൃഷിചെയ്തിരുന്ന ഡ്രാഗൺ ഫ്രൂട്ട്‌ ഹൈറേഞ്ചിലെ കാലാവസ്ഥയിലും അനുയോജ്യമാണ്‌. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ വികസിപ്പിച്ചെടുത്തിരിക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള ഡ്രാഗൺ ഫ്രൂട്ട്‌ നൂറ് ശതമാനം ഷുഗർ, കൊളസ്ട്രോൾ ഫ്രീയാണ്. കൂടാതെ ത്വക്ക്‌, മുടി തുടങ്ങിയവയ്‌ക്ക് ഏറ്റവും ഗുണകരമാണ്‌. വൈറ്റമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെ  സഹായകമാണ്.  പേഴ്‌മാടത്തിൽനിന്ന്‌ പഴവർഗ കൃഷിയിലേക്ക്‌ അങ്ങാടിയിൽ ബേബിച്ചേട്ടൻ ആദ്യകാലത്ത് കൃഷി ചെയ്യുമ്പോൾ പറമ്പിൽ പേഴ് എന്ന മരത്തിൽ ഒരു മാടം കെട്ടിയാണ് താമസം തുടങ്ങിയിരുന്നത്. അങ്ങനെയാണ്‌ പേഴ്‌മാടം എന്ന പേര് ലഭിച്ചത്. 2.5 ഏക്കറിൽ ഏലം, കാപ്പി, കുരുമുളക്, ജാതി എന്നിവ കൃഷിചെയ്‌തെങ്കിലും വിലയിലെ ഏറ്റക്കുറച്ചിലുകളിൽ ലാഭനഷ്ടമാകും. ഇവയ്‌ക്കൊപ്പം ഇപ്പോൾ രണ്ട് വർഷത്തോളമായി പഴവർഗങ്ങൾകൂടി കൃഷി ചെയ്യുന്നു.      ജൈവകൃഷിയിൽ ഡ്രാഗൺഫ്രൂട്ടിനെ കൂടാതെ ആപ്പിൾ, ഓറഞ്ച്, പേര, റമ്പുട്ടാൻ, ലിച്ചി, മാങ്കോസ്റ്റിൻ, മൂട്ടി, അത്തി, ദുരിയൻ, പാഷൻഫ്രൂട്ട്‌, ബട്ടർഫ്രൂട്ട്, കസ്റ്റാർഡ്‌ ആപ്പിൾ തുടങ്ങി മുപ്പതോളം പഴവർഗങ്ങളെയാണ്‌ ബേബി പാലുകൊടുത്ത് പരിപാലിക്കുന്നത്. ഇതിനുപുറമെ മീൻകൃഷിയും കന്നുകാലികളെയും ഒപ്പം ചേർത്തു. കരുണാപുരം കൃഷിഭവനിലെ ഉദ്യോഗസ്ഥർ ജൈവകൃഷിയിൽ പാൽമധുരം പകരുന്ന  കർഷകനെ കഴിഞ്ഞദിവസം അഭിനന്ദിച്ചു. എല്ലാവിധ പിന്തുണയും കൃഷിഭവന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്നും അറിയിച്ചു. പഴവർഗങ്ങളുടെ തൈകളും ബേബിയേട്ടന്റെ പക്കൽ വിൽപ്പനയ്‌ക്കുണ്ട്‌. Read on deshabhimani.com

Related News