കെഎസ്ആർടിസി യാർഡ് നിർമാണം ഒന്നാംഘട്ടം പൂർത്തിയായി

കെഎസ്ആർടിസി കുമളി ഡിപ്പോ യാർഡ്


കുമളി കെഎസ്ആർടിസി കുമളി ഡിപ്പോയുടെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് യാർഡ് നിർമാണം ആരംഭിച്ചു. മുൻ എംഎൽഎ ഇ എസ് ബിജിമോളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള ഗ്രൗണ്ട് കോൺക്രീറ്റിംഗ്ആദ്യഘട്ടം പൂർത്തിയായി. രണ്ടാഴ്ചയ്ക്കുശേഷം അടുത്ത ഘട്ടം നിർമാണം നടത്തും. ജനകീയ പങ്കാളിത്തത്തോടെ 2004 ഫെബ്രുവരി ഏഴിന്‌  പ്രവർത്തനം ആരംഭിച്ച ഡിപ്പോ സംസ്ഥാനത്ത് മെച്ചപ്പെട്ട വരുമാനം ലഭിച്ചിരുന്നു. കോവിഡ് ഘട്ടത്തിൽ താൽക്കാലികമായി നിർത്തലാക്കിയിരുന്ന അന്തർ സംസ്ഥാന സർവീസുകളും  ദീർഘദൂര സർവീസുകളും  ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഡിപ്പോ അധികൃതർ. വർഷങ്ങൾക്കു മുമ്പ് ടാറിംഗ് നടത്തിയ ഗ്രൗണ്ട് പൊട്ടി തകർന്ന് ഗതാഗതയോഗ്യമല്ലാത്ത സാഹചര്യത്തിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗമായിരുന്ന സി വി വർഗീസിന്റെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. 72,45,000 രൂപയാണ് നിർമാണ ചിലവ്. നിർമാണം പുർത്തീകരിക്കുന്നതോടെ ജില്ലയിലെ ഏറ്റവും സൗകര്യമുള്ളതായി കുമളി ഡിപ്പോ മാറും. രണ്ടു ഘട്ടങ്ങളായാണ് യാർഡ് കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കുന്നത്. വാഹനങ്ങൾ കയറ്റിയിറക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി രണ്ടാഴ്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഭാഗം കോൺക്രീറ്റിംഗ് നടത്തും. കുണ്ടും കുഴിയുമായി തകർന്ന് മഴക്കാലത്ത് ചളിക്കെട്ടായി കിടന്ന കുമളി ഡിപ്പോയുടെ ശോച്യാവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും. എൽഡിഎഫ് സർക്കാരിനെയും ഫണ്ട് അനുവദിപ്പിച്ച  മുൻ എംഎൽഎ ഇ എസ് ബിജിമോൾ, സി വി വർഗീസ് എന്നിവരെയും കെഎസ്ആർടിഇ അസോസിയേഷൻ (സിഐടിയു) കുമളി യൂണിറ്റ് അഭിനന്ദിച്ചു.     Read on deshabhimani.com

Related News