കുടുംബങ്ങൾക്ക് 
‘ശ്രീ’യായി

മറയൂർ കാന്തല്ലൂരിൽ യുവശ്രീ കുടുംബശ്രീ യൂണിറ്റിന്റെ വിളവെടുപ്പ്


  ഇടുക്കി  സ്‌ത്രീ ശാക്തീകരണം ലക്ഷ്യംവച്ചും  സാമൂഹ്യ സാമ്പത്തിക ഇടപെടലുകളുമായി കുടുംബശ്രീ മുന്നോട്ട്‌.  കുടുംബശ്രീ നിലവിൽവന്നിട്ട്‌ കാൽ നൂറ്റാണ്ടാകുമ്പോൾ കൈവരിച്ച നേട്ടങ്ങളും സാമൂഹ്യമാറ്റങ്ങളും നാടാകെ തൊട്ടറിയുന്നു. ജില്ലയിലാകെ 2292  സംരംഭങ്ങളാണ്‌ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നത്‌. കുടുംബശ്രീ സിഡിഎസ് മുഖേന കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് ആയി സംരംഭകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. ജനകീയ ഹോട്ടൽ മുതൽ കോവിഡ്‌ കാലത്തെ പ്രവാസി ഭദ്രതവരെയുള്ള സംരംഭങ്ങൾ ശ്രദ്ധേയം.  സർക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ 50 കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നു. സാധാരണർക്ക്‌ 20 രൂപയ്ക്ക് ഭക്ഷണം എത്തിക്കാൻ കഴിയുന്നുണ്ട്. ഒരു ഊണിനു 10 രൂപ വീതം സബ്സിഡി ജില്ലാ മിഷൻ മുഖേന നൽകുന്നുണ്ട്‌.  ശുചിത്വ കേരളം മിഷനുമായി ചേർന്ന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രണ്ട്‌  മുനിസിപ്പാലിറ്റികളിലും കുടുംബശ്രീ അംഗങ്ങൾ മുഖേന ഹരിതകർമ സേന യും പ്രവർത്തിച്ചുവരുന്നു. ജല ജീവൻ മിഷന്റെ പ്രവർത്തനം  16 പഞ്ചായത്തുകളിലുമുണ്ട്‌. കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ട് വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമഗ്ര തൊഴിൽ സംരംഭകത്വ പദ്ധതിയാണ്‌ പ്രവാസിഭദ്രത.     ഗുണഭോക്താക്കൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ വഴി രണ്ട്‌ ലക്ഷം രൂപ പലിശ രഹിത വായ്പയും സംരംഭകത്വ പിന്തുണയും നൽകിവരുന്നുണ്ട്‌. കൂടാതെ സർവതല സ്‌പർശിയായ വിധമുള്ള തൊഴിൽ സംരംഭങ്ങൾ, വിവിധ തൊഴിൽ പരിശീലനങ്ങൾ, ജെൻഡർ സ്‌നേഹിത ഹെലപ്‌ ഡെസ്‌ക്‌, സ്‌ത്രീധനത്തിനും സ്‌ത്രീ പീഡനത്തിനുമെതിരെ സ്‌ത്രീപക്ഷ നവകേരളം, ഫാം ലൈവ്‌ലിഹുഡ്‌ തുടങ്ങിയവ നാടിന്റെ സാമൂഹ്യ മാറ്റത്തിനും ചാലകശക്തിയായി മാറുന്നുണ്ട്‌.     Read on deshabhimani.com

Related News