ആഴങ്ങളിൽ അമ്മ മാഞ്ഞുപോയി: മരണത്തിലും കൂട്ടായി മകന്‍ ബെൻ



കട്ടപ്പന പത്തുവർഷം മുമ്പ് അസുഖബാധിതനായി മൂത്തമകൻ ഉണ്ണിക്കുട്ടന്റെ(ജോർജ് ടോം) മരണം. മാനസികമായി തളർന്ന ലിജയുടെയും ഭർത്താവ് ടോമിന്റെയും ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ തിരിച്ചെത്തിയത് ബെന്നിന്റെ ജനനത്തോടെയാണ്. നീണ്ടവർഷങ്ങൾക്ക് ശേഷം ജനിച്ച മൂന്നാമത്തെ കുഞ്ഞിന്റെ അപ്രതീക്ഷിത മരണം ലിജയെ ഏൽപ്പിച്ച ആഘാതത്തിന് അത്രമേൽ വലുതായിരുന്നു. എല്ലാമെല്ലാമായ പൊന്നോമനകളുടെ വിയോഗം ആ അമ്മയെ കൊണ്ടെത്തിച്ചത് കടുത്ത മാനസിക സംഘർഷത്തിലേക്ക്‌. ഒടുവിൽ മകൻ ബെന്നിനൊപ്പം ആഴങ്ങളിലേക്ക് അവസാനയാത്രയും. ലിജ- ടോം ദമ്പതികളുടെ 29 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് ചൊവ്വാഴ്ചയാണ് മരിച്ചത്. മുലപ്പാൽ കൊടുക്കുന്നതിനിടെ ശ്വാസതടസത്തെ തുടർന്നായിരുന്നു മരണം. മാനസികമായി തളർന്ന ലിജ പിന്നീട് ആരോടും കാര്യമായി സംസാരിച്ചിരുന്നില്ല. സംസ്‌കാരം നടന്ന ബുധനാഴ്ചയും മാനസിക സംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച രാത്രി അമ്മ ലൗലിക്കൊപ്പമാണ് ലിജയും ബെന്നും ഉറങ്ങിയത്. പള്ളിയിൽ പോകാൻ വ്യാഴം രാവിലെ ആറോടെ ലൗലി ഉറക്കമുണർന്നപ്പോൾ ലിജയും ബെന്നും ഉറക്കത്തിലായിരുന്നു. ലൗലിയും ഭർത്താവ് ജോസഫും മറ്റൊരുമുറിയിൽ പള്ളിയിൽ പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് ലിജ ബെന്നിനൊപ്പം കിണറ്റിലേക്ക് ചാടിയത്. പുറത്തുനിന്നുള്ള വലിയ ശബ്ദം കേട്ട് ഇവർ ഓടി മുറിയിലെത്തിയപ്പോൾ ലിജയും ബെന്നും അവിടെ ഉണ്ടായിരുന്നില്ല. തുടർന്നാണ് 40 അടി താഴ്ചയുള്ള കിണറ്റിൽ ഇരുവരെയും കണ്ടത്. മാതാപിതാക്കളുടെ നിലവിളി കേട്ട് ബന്ധുക്കളും അയൽക്കാരും ഓടിയെത്തിയെങ്കിലും ആഴമേറിയ കിണറ്റിൽനിന്ന് ഇരുവരെയും രക്ഷിക്കാനുള്ള ശ്രമം വിഫലമായി. തുടർന്ന് പീരുമേട്ടിൽ നിന്ന് അഗ്നിരക്ഷാസേനയും ഉപ്പുതറ പൊലീസും സ്ഥലത്തെത്തി ഇരുവരെയും പുറത്തെത്തിച്ചെങ്കിലും മരിച്ചു. 10 വർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ഒന്നര വയസുകാരൻ ജോർജ് ടോം മരിച്ചത്. നീണ്ടവർഷങ്ങൾക്ക് ശേഷമായിരുന്നു മൂന്നാമത്തെ കുഞ്ഞിന്റെ ജനനം. പ്രസവശുശ്രൂഷയ്ക്കായി ഉപ്പുതറ കൈതപ്പതാലിലെ കിണറ്റുകര വീട്ടിൽ മാസങ്ങളായി അച്ഛൻ ജോസഫിനും അമ്മ ലൗലിക്കുമൊപ്പമായിരുന്നു ലിജ. മൃതദേഹങ്ങൾ പൊലീസ്‌ നടപടിക്ക്‌ എത്തിച്ച കട്ടപ്പന താലൂക്ക് ആശുപത്രിയിലും പോസ്റ്റ്‌മോർട്ടംചെയ്ത ഇടുക്കി മെഡിക്കൽ കോളേജിലും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ  നിരവധിപേർ തടിച്ചുകൂടി.   Read on deshabhimani.com

Related News