ആർപ്പുവിളികൾക്കിടെ 
വട്ടവടയിൽ മഞ്ചുവിരട്ട്‌

വട്ടവടയിൽ നടന്ന ജല്ലിക്കെട്ടിന്റെ ഭാഗമായി ഗ്രാമക്കാർ കാളകളെ ഓടിക്കുന്നു


മറയൂർ ആർപ്പുവിളികളുമായി വട്ടവട ഗ്രാമത്തിലെ തലൈവാസലിൽ വടിമഞ്ചുവിരട്ട്‌(ജല്ലിക്കെട്ട്‌) അരങ്ങേറി. മാട്ടുപ്പൊങ്കലിന്റെ ഭാഗമായുള്ള വടിമഞ്ചുവിരട്ടിൽ കാളയുടെ പുറത്തുള്ള പൂഞ്ഞ(കൊഴുപ്പടിഞ്ഞ മുഴ)യിൽ പിടിച്ചുകൊണ്ട് യുവാക്കൾ ഒരു നിശ്ചിത ദൂരം ഓടിക്കുകയാണ്‌ ചെയ്യുന്നത്‌. വട്ടവട ഗ്രാമത്തിന്റെ തലൈവാസലിൽനിന്ന്‌ ഒരുകിലോമീറ്റർ അകലെ തണ്ണിക്കര വരെയാണ് കാളകളെ ഓടിച്ചത്‌. ശനി രാവിലെതന്നെ വട്ടവട ഗ്രാമം ജല്ലിക്കെട്ടിനായുള്ള തയ്യാറെടുപ്പിലായിരുന്നു. തൊഴുത്തുകൾ വൃത്തിയാക്കി കാളകളെ കുളിപ്പിച്ച് കൊമ്പുകളിൽ ചായംപുരട്ടി പൊങ്കൽവച്ചാണ് ഒരുക്കിയത്‌.  വട്ടവട ഗ്രാമങ്ങളിലെ മന്നാടിയാർ, മന്ത്രിയാർ, പെരിയധനം, അരുത വീട്ടുകാർ എന്നിവരാണ്‌ മഞ്ചുവിരട്ടിന്റെ പരമ്പരാഗത ആചാരങ്ങൾ സംഘടിപ്പിക്കുന്നത്‌. ഗ്രാമമുഖ്യന്മാരായ മന്നാടിയാർ വീട്ടുകാരുടെ കാളകളെയാണ് ആദ്യം മഞ്ചുവിരട്ടിനായി തലൈവാസലിലേക്ക് വാദ്യങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ എത്തിക്കുന്നത്. പിന്നീട് മന്ത്രി വീട്ടുകാരുടെയും ശേഷം പെരിയധനം വീടുകളിൽനിന്നുള്ളവയും അവസാനമായി അരുത വീട്ടുകാരുടെ കാളകളും പങ്കുചേരും. തമിഴ്നാട്ടിൽ പന്തയത്തിന്റെ ഭാഗമായി കാളകൾക്ക് മദ്യം നൽകുകയും കൊമ്പുകൂർപ്പിക്കുകയും ചെയ്യുന്നതിനാൽ അപകടങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ, ഇവിടെ ആർക്കും ഗുരുതരമായി പരിക്കേൽക്കാറില്ല. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള മൂന്ന് ജല്ലിക്കെട്ട് രീതികളുണ്ട്‌. വടിമഞ്ചുവിരട്ട്, വായോലി വിരട്ട്, വടം മഞ്ചുവിരട്ട് എന്നിവ. ഇതിൽ വടിമഞ്ചുവിരട്ട് എന്ന ജല്ലിക്കെട്ട് രീതിയാണ് വട്ടവടയിൽ നടത്തുന്നത്‌.  Read on deshabhimani.com

Related News