തോറ്റവരുടെ യുദ്ധം അവസാനിക്കുന്നില്ല

കട്ടപ്പന ദർശന അവതരിപ്പിച്ച തോറ്റവരുടെ യുദ്ധങ്ങൾ’ എന്ന നാടകത്തിൽ നിന്ന്


ഇടുക്കി ജീവിക്കാൻ വേണ്ടിയുള്ള യുദ്ധങ്ങൾക്ക് അവസാനമില്ല. അത് അതിജീവന പ്രതിരോധമായി തുടർന്നേയിരിക്കും. ലോകമുള്ള കാലത്തോളം. തോറ്റവരുടെ  ജീവിതയുദ്ധങ്ങൾ കൊണ്ട് അടുത്ത തലമുറയ്ക്കാവും എന്തെങ്കിലും നേട്ടം ഉണ്ടാവുക. നാം പിറന്ന മണ്ണും നല്ലപങ്കും ഇട്ടെറിഞ്ഞ് ഹൈറേഞ്ചെന്ന വാഗ്‌ദത്ത ഭൂമിയിലേക്ക് കുടിയേറിയവർ. സങ്കീർണവും സംഭവബഹുലവുമായ കൂട്ടകുടിയേറ്റമെന്ന പ്രതിരോധ - അതിജീവന ജീവിത കഥ അതിതീഷ്ണവും വൈകാരികവുമായി അവതരിപ്പിക്കുകയാണ് 'തോറ്റവരുടെ യുദ്ധങ്ങൾ’ എന്നനാടകത്തിലൂടെ. ജീവിതാഭിലാഷ മരുപ്പച്ചതേടിയുള്ള കുടിയേറ്റ കർഷകന്റെ മാലനാട്ടിലേക്കുള്ള യാത്ര ഒരു പുറപ്പാട് തന്നെയായിരുന്നു. തലയിലും ചുമലിലും ജീവിതഭാരവും മനസ്സിൽ സുവർണ സ്വപ്നവും കൈകളിൽ ജീവന്റെ പാതിയേയുമായുള്ള കുടിയേറ്റ യാത്ര. പേരറിയാത്ത നാട്ടിലെത്തി ഒരു പേരിട്ടു. കൂട്ടം പിഴച്ചാൽ കൂകി വിളിക്കാനായ് പേര് സൂക്ഷിച്ചു. കൂട്ടായ്മയും മത സൗഹാർദതയും അധ്വാന വിളവിനൊപ്പം വിളയിച്ചു. അവർ നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികളും പ്രഹരങ്ങളും വിവരണാതീതം. പട്ടയ,ഭൂപ്രശ്നങ്ങൾ, മറ്റ് സാമ്പത്തിക വികസന പ്രതിബന്ധങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യസങ്കീർണതകളെയെല്ലാം രണ്ട് തലമുറയുടെ ജീവിതം അതിവൈകാരികതയോടെ  വിവരിക്കുകയാണ് നാടകത്തിൽ. ഇവിടെ  കുടിയേറ്റ ജീവിത ചരിത്രസംഭവ പരമ്പരകളുടെ വൈവിധ്യങ്ങളിലേക്കുള്ള ദൃശ്യാവിഷ്ക്കാരണത്തിനാണ് ഊന്നൽ നൽകിയത്.  സമയപരിമിതി കൊണ്ടാവാം ഈ മണ്ണിലുയർന്ന കുടിയിരുത്തൽ  രാഷ്ട്രീയ പോരാട്ടങ്ങൾ, പട്ടിണി മാർച്ചല്ലാതെ കാര്യമായി പ്രതിപാദിക്കുന്നില്ല. കുടിയേറ്റകർഷകനായി ജീവിതം ആരംഭിച്ച് പിന്നീട് നാടക പ്രതിഭയായി മാറിയ സിനിമാ നടൻകൂടിയായ ചിലമ്പന്റെ തന്മയത്വത്തോടെയുള്ള അഭിനയതികവ് എടുത്തു പറയണം. കൂടാതെ ചലച്ചിത്രതാരം ജയാകുറുപ്പ്, എം സി ബോബൻ,സൂര്യലാൽ, മുരളീധരൻ, ജോസ് മോൻ, രവികുമാർ, ഷൈജു, അനി ഇലവന്തിക്കൽ, ഡെന്നി എന്നിവർ ഉൾപ്പെടെയുള്ളവരുടെ അഭിനയ മികവും ശ്രദ്ധേയം. ഒരു മണിക്കൂറിലേറെയുള്ള നാടകത്തിന്റെ രചന ഇ ജെ ജോസഫും രംഗാവിഷ്ക്കാരം നരിപ്പറ്റ രാജുവും നിർവഹിച്ചു. അക്കാദമിയുടെ സഹായത്തോടെ കട്ടപ്പന ദർശനയാണ് അവതരണം. Read on deshabhimani.com

Related News