1125 വീട് കൂടി പൂർത്തീകരിച്ചു



ഇടുക്കി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ 1125 വീട്‌ പൂർത്തീകരിച്ചു. സംസ്ഥാനത്തൊട്ടാകെ നൂറുദിനങ്ങൾക്കുള്ളിൽ 10,000 വീട്‌ പൂർത്തീകരിക്കപ്പെട്ടതിന്റെ സംസ്ഥാനതല പ്രഖ്യാപനം 18ന്‌ പകൽ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പരിപാടി ഓൺലൈനായി വീക്ഷിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട് .ഇതിനുശേഷം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടക്കും. 100 ദിവസത്തിനുള്ളിൽ  പൂർത്തീകരിച്ച വീടുകളുടെ അങ്കണത്തിൽ ജനപ്രതിനിധികളും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചേർന്ന്  പൂർത്തീകരണ പ്രഖ്യാപനം നടത്തും.       ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 17,776 വീട് പൂർത്തിയായി. ഒന്നാംഘട്ടത്തിലെ 3123 വീടും രണ്ടാംഘട്ടം 9989 വീടും മൂന്നാം ഘട്ടം 1051 വീടും പട്ടികജാതി-–- പട്ടികവർഗ ഫിഷറീസ് വിഭാഗക്കാരുടെ ഉപ പട്ടികയിലെ 39 വീടും പിഎംഎവൈ അർബൻ വിഭാഗത്തിലെ 1674 വീടും പിഎംഎവൈ ഗ്രാമീണ വിഭാഗത്തിലെ 760 വീടും പട്ടികജാതി-– പട്ടികവർഗ വകുപ്പ് വഴി നിർമിച്ച 941 വീടും 199 ഫ്ലാറ്റും ഉൾപ്പെടുന്നു.        തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ഭവനപൂർത്തീകരണ പ്രഖ്യാപനച്ചടങ്ങ്‌ വിജയകരമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി  കെ ഫിലിപ്പ് അധ്യക്ഷനായും കലക്ടർ ഷീബ ജോർജ് കൺവീനറായും ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ വി കുര്യാക്കോസ്, ലൈഫ് മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ കെ പ്രവീൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സതീഷ്‌കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി ജി അജേഷ് എന്നിവർ അംഗങ്ങളായുമുള്ള ഏകോപനസമിതിയുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ നടക്കുന്നത്‌. Read on deshabhimani.com

Related News