അമ്യൂസ്‌മെന്റ്‌ പാർക്ക്‌: നിർമാണ നിരോധന ഉത്തരവ് പിൻവലിക്കണം



മൂന്നാർ മൂന്നാർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഹൈഡൽ പാർക്കിനോട് ചേർന്ന് നിർമിക്കുന്ന അമ്യൂസ്‌മെന്റ്‌ പാർക്കിന് റവന്യു വകുപ്പ് നൽകിയ നിർമാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ കൈവശമുള്ള 17.5 ഏക്കറിൽ നാലേക്കർ 20 വർഷത്തേക്ക് ലേലത്തിൽ എടുത്തിട്ടുള്ളതാണ്. 10 ലക്ഷം രൂപ പലിശയില്ലാത്ത നിക്ഷേപവും വരുമാനത്തിന്റെ 31 ശതമാനം ഹൈഡൽ ടൂറിസത്തിന് നൽകാമെന്ന വ്യവസ്ഥയിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള രണ്ട് സ്ഥാപനങ്ങൾ തമ്മിൽ 20 വർഷത്തെ കരാറിൽ ഏർപ്പെട്ടത്.     ഏത് സമയത്തും നീക്കം ചെയ്യാവുന്ന വിധത്തിലും പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലുമുള്ള നിർമാണ പ്രവർത്തനമാണ് നടത്തിവന്നത്. ഹൈഡൽ ടൂറിസത്തിന്റെ ഉടമസ്ഥതയിലുള്ള 17.5 ഏക്കറിൽ നിർമാണ അനുമതി കലക്ടർ നേരത്തെ നൽകിയിട്ടുള്ളതാണ്. ഈ അനുമതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് നിർമാണപ്രവർത്തനം ആരംഭിച്ചത്. കൂടാതെ ബാങ്കിന് ലഭിച്ച സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കലക്ടറിന്റെ  പരിഗണനയിലാണ്. എം എം മണി വൈദ്യുതി മന്ത്രിയായിരിക്കെ മൂന്നാറിന്റെ ടൂറിസം വികസനം ലക്ഷ്യംവച്ചാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.     പാർക്ക് യാഥാർഥ്യമാകുന്നതോടെ ഇരുന്നൂറിലധികം ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനാകും. മാത്രമല്ല, ടൂറിസം വികസനത്തിനും പാർക്ക് ഒരു മുതൽക്കൂട്ടാകും. ഈ സാഹചര്യത്തിൽ റവന്യു വകുപ്പ് നൽകിയിട്ടുള്ള നിർമാണ നിരോധന ഉത്തരവ്‌   പിൻവലിക്കണമെന്ന് ബാങ്ക് പ്രസിഡന്റ്‌ കെ വി ശശി, സെക്രട്ടറി ബേബി പോൾ എന്നിവർ ആവശ്യപ്പെട്ടു.    Read on deshabhimani.com

Related News