ദേശീയപാതയോ... ദുരന്ത പാതയോ...

ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ നിലയിൽ


  അടിമാലി കാലവർഷം കടുത്തതോടെ തകർത്തുപെയ്യുന്ന മഴയിൽ അപകടഭീഷണി ഉയർത്തി ദേശീയപാത 85. ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപമാണ് ദേശീയപാതയുടെ സംരക്ഷണഭിത്തിയിടിഞ്ഞ് അപകട ഭീഷണിയിലായത്. ഒരു വർഷം മുമ്പ് വാഹനമിടിച്ച്  തകർന്ന കലുങ്ക് പുനർനിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കാതെ വന്നതോടെ ശേഷിക്കുന്ന ഭാഗം 20 അടിയോളം നീളത്തിൽ തകരുകയായിരുന്നു. നിലവിൽ റോഡിന് അടിയിലെ മണ്ണ് ഉൾപ്പെടെ മഴയിൽ ഒലിച്ചുപോയി. ഇതോടെ പാത വീണ്ടും അപകടത്തിലായി. ടാറിങ് ഭാഗം ഇടിഞ്ഞു തുടങ്ങിയ ഇവിടം കൊക്കയാണ്. 
    അപകടസാധ്യത വർധിച്ചതോടെ വീപ്പകളിൽ റിബൺ വലിച്ചുകെട്ടുക മാത്രമാണ് ദേശീയപാത അധികൃതർ ചെയ്തത്. ഇതോടെ ഒരു വാഹനത്തിന് മാത്രമേ ഈ വഴി കടന്നുപോകാൻ കഴിയൂ. ദേശീയപാതയിൽ വാളറ വെള്ളച്ചാട്ടത്തിനു സമീപം  ജനുവരിയിൽ ടോറസ് മറിഞ്ഞു ഡ്രൈവറും സഹായിയും മരണപ്പെട്ടിരുന്നു.  മൂന്നാറിലേക്ക്  വിനോദസഞ്ചാരികളുൾപ്പെടെ യാത്രക്കാരും ചരക്ക് വാഹനങ്ങളും ആശ്രയിക്കുന്ന ദേശീയപാത വീതികൂട്ടി അറ്റകുറ്റപ്പണി നടത്താൻ വനംവകുപ്പ് അനുമതി നിഷേധിക്കുന്നതായി ദേശീയപാത അധികൃതർ പറയുന്നു. എന്നാൽ, വനംവകുപ്പുമായുള്ള പ്രശ്നം പരിഹരിച്ച്  ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കാൻ സർക്കാർ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.      Read on deshabhimani.com

Related News