വെള്ളിത്തിരയെ മലനാട്ടിലെത്തിച്ച ദാസേട്ടൻ



തൊടുപുഴ ഒരുകാലത്ത് സിനിമാ ലൊക്കേഷനുകള്‍ എന്നാല്‍ ഒറ്റപ്പാലവും ഷൊര്‍ണൂരുമെന്നായിരുന്നു. അവിടെനിന്ന് മലമടക്കുകളുടെയും നദികളുടെയും ഡാമുകളുടെയും നാടായ ഇടുക്കിയിലേക്ക് സിനിമയെത്തിയതിന് പിന്നില്‍ ഒരാളാണ്, ദാസ് തൊടുപുഴ. തൊടുപുഴയും കുടയത്തൂരും കാഞ്ഞാറും വാഗമണിലെ മൊട്ടക്കുന്നുകളുമെല്ലാം ഇന്ന് മലയാളസിനിമാ ലോകത്തിന് ഏറെ പ്രിയപ്പെട്ടത്. ഇടുക്കിയെ മലയാള സിനിമയുടെ കോടമ്പാക്കമാക്കി മാറ്റിയതിന്റെ ക്രഡിറ്റ് ശ്വാസകോശ അസുഖം ബാധിച്ച് ബുധനാഴ്‍ച അന്തരിച്ച തൊടുപുഴക്കാരുടെ ദാസേട്ടനുള്ളതാണ്.       കൈയിലൊരു കറുത്ത ബാഗ്, തലയില്‍ തൊപ്പി. ഇതായിരുന്നു ദാസിന്റെ രൂപം. ദൃശ്യഭംഗി തേടിയെത്തുന്ന സംവിധായകരെ നിരാശപ്പെടുത്താതെ പുതുമയുള്ള ഷൂട്ടിങ് ലൊക്കേഷനുകള്‍ തേടി ഓടിക്കൊണ്ടേയിരിക്കുന്നു. കാഞ്ഞാര്‍, കുമാരമംഗലം, തൊമ്മന്‍കുത്ത്, പുറപ്പുഴ, കുണിഞ്ഞി, ഒളമറ്റം, ഇളംദേശം, മണക്കാട്, പുറപ്പുഴ, ശാസ്താംപാറ, പഴയമറ്റം, മുട്ടം, മടക്കത്താനം, അമയപ്ര എന്നിവിടങ്ങളെല്ലാം ഇതിനകം മൂവീക്യാമറകള്‍ ഒപ്പിയെടുത്തു കഴിഞ്ഞു.   അഭിനയമോഹവുമായി നടന്ന ദാസ് യാദൃശ്ചികമായാണ് ലൊക്കേഷന്‍ മാനേജരായത്. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രമായ 'രസതന്ത്രം' കാഞ്ഞാറിലും പരിസരത്തുമായി ചിത്രീകരിക്കുന്ന സമയം. അവസരം ചോദിച്ചാണ് സംവിധായകന്റെ അടുക്കലെത്തിയത്. സിനിമയ്‍ക്ക്  അഭിഭാജ്യഘടകമായുള്ള ഒരു വീടും സ്ഥലവും കണ്ടെത്താനാവാത്തതിന്റെ നിരാശയിലായിരുന്നു സംവിധായകന്‍. ഇതു മനസിലാക്കിയ ദാസ് ഉടനെ അത് റെഡിയാക്കി. തൃപ്തനായ സത്യേട്ടന്‍ സിനിമയിലെ ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ അവസരവും നല്‍കി. രസതന്ത്രം സൂപ്പര്‍ ഹിറ്റായതോടെ ദാസ് തൊടുപുഴ എന്ന പേരും സിനിമാലോകത്ത് ഹിറ്റായി. ‘ഇവിടം സ്വര്‍ഗമാണ്’, ‘ഓര്‍ഡിനറി’, ‘കുഞ്ഞിക്കൂനന്‍’, ‘കഥപറയുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ദൃശ്യം’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’, ‘ശിക്കാര്‍’, ‘പാപ്പി അപ്പച്ചാ’, ‘സെല്ലുലോയ്ഡ്’, ‘ജനപ്രിയന്‍’, ‘ശൃംഗാരവേലന്‍’, ‘വില്ലാളിവീരന്‍’, ‘നസ്രാണി’, ‘സൈക്കിള്‍’, ‘വെറുതെ ഒരു ഭാര്യ’, ‘ഇതാണെടാ പൊലീസ്’, ‘തോപ്പില്‍ ജോപ്പന്‍’, ‘സ്വര്‍ണ്ണക്കടുവ’, ‘കട്ടപ്പനയിലെ ഋതിക്റോഷന്‍’ തുടങ്ങി ദാസ് കൈചൂണ്ടി കാണിച്ച സ്ഥലങ്ങളില്‍ പിറവിയെടുത്ത ഹിറ്റ് ചിത്രങ്ങളുടെ നിര നീളുന്നു.  കലാരംഗത്ത് നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ഞൂറോളം കലാകാരന്മാരെ ഉൾപ്പെടുത്തി  'വിസ്മയ' എന്ന സംഘടന രൂപീകരിച്ചു.  ദാസ് 1975, 80 കാലഘട്ടത്തില്‍ നാടക വേദിയില്‍ നിറസാന്നിധ്യമായിരുന്നു. അധ്യാപകനും കഥാകൃത്തും കാഥികനുമായിരുന്ന അച്ഛന്‍ കെ എന്‍ ഐക്കരപറമ്പന്റെ നാടകത്തില്‍ ഏഴാം വയസില്‍ ബാലതാരമായി. പിന്നീട് നാടകരചനയും തുടങ്ങി. പതിനൊന്നോളം നാടകങ്ങള്‍ രചിച്ചു. സ്വന്തം നാടക സമിതിയുമായി. അപ്പോഴും മനസില്‍ സിനിമാമോഹം കൊണ്ടുനടന്നു. സിനിമയുമായി ബന്ധപ്പെട്ട പല വേഷങ്ങളും ഇതിനിടയില്‍ ജീവിതത്തില്‍ പയറ്റി. മേക്കപ്പ്മാന്‍, ഇലക്ട്രീഷ്യന്‍, സംഘാടകന്‍, പ്രൊഡക്ഷന്‍ മാനേജര്‍...അങ്ങനെയങ്ങനെ. ജീവിതസഖിയായെത്തിയ രാജാ ദാസും നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. Read on deshabhimani.com

Related News