കോവിഡിനിടയിലും ജില്ലയോട് നീതിപുലർത്തി: മന്ത്രി എം എം മണി



 ഇടുക്കി കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ ജനങ്ങളോട് നീതി പുലർത്തിയ മികച്ച ബജറ്റാണിതെന്ന്‌ മന്ത്രി എം എം മണി പറഞ്ഞു. കാർഷിക, ചികിത്സാ, വിദ്യാഭ്യാസ വിനോദസഞ്ചാര രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവയ്‌ക്കുന്ന പദ്ധതികൾ കൊണ്ടുവരാനാകും. മൂല്യവർധിത ഉൽപ്പന്നങ്ങൾക്കുള്ള പ്രോത്സാഹനം നൽകാനുള്ള തീരുമാനം തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജന ഉൽപ്പാദകർക്ക്‌ ഗുണംചെയ്യും. ചക്കയും പഴവർഗങ്ങളും പാലും സുഗന്ധവ്യഞ്‌ജനങ്ങളും ഉപയോഗിച്ച്‌ കാർഷിക സംസ്‌കരണ വ്യവസായങ്ങൾ സ്ഥാപിക്കും. മുഖ്യമന്ത്രി പങ്കെടുത്ത് ജില്ലയിൽ ഉടൻ നടത്തുന്ന ശിൽപ്പശാലയിൽ  സമഗ്രവികസന പദ്ധതികൾ വിഭാവനം ചെയ്യുമെന്നും എം എം മണി പറഞ്ഞു. -ജില്ലയിലെ തമിഴ്-ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള പ്രൊഫഷണൽ കോളേജ് വണ്ടൻമേട്ടിൽ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.  മൂന്നാറിൽ വിനോദസഞ്ചാര വികസനത്തിന് സഹായിക്കുന്ന ടൂറിസ്റ്റ് ട്രയിൻ, കെടിഡിസിയുടെ 100 മുറികളുള്ള ബജറ്റ് ഹോട്ടൽ, ഇടുക്കി എയർസ്‌ട്രിപ്പ് തുടങ്ങി വമ്പൻ പദ്ധതികളാണ് ബജറ്റിലുള്ളത്. ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജിന്റെ പ്രാരംഭ വകയിരുത്തൽ, പൂപ്പാറ ഗവ. കോളേജിന് കെട്ടിടം, കട്ടപ്പന കെഎസ്ആർടിസി സ്റ്റാൻഡ്‌, മൂന്നാർ ഫ്ലൈ ഓവർ, ഇടുക്കിയിൽ സ്റ്റേഡിയം, കമ്പംമെട്ടിൽ ശബരിമല ഇടത്താവളം, ചേമ്പളം, ആനയിറങ്കൽ, രാജാക്കാട്, അണക്കര, ശാന്തൻപാറ എന്നിവിടങ്ങളിൽ അമ്‌നിറ്റി സെന്റർ എന്നിങ്ങനെ ഒട്ടനവധി പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ടെന്ന്‌ മന്ത്രി എം എം മണി പറഞ്ഞു. Read on deshabhimani.com

Related News