ചൂളംവിളി കാത്ത്‌ മൂന്നാർ



മൂന്നാർ  1924ലെ പ്രകൃതിക്ഷോഭത്തിൽ നാമാവശേഷമായ കുണ്ടളവാലി റെയിൽവേയ്‌ക്ക്‌ പുനർജന്മം. സഞ്ചാരികൾക്ക്‌ നവപ്രതീക്ഷയുമായി മൂന്നാറിൽ വീണ്ടും ചൂളംവിളി ഉയരും. മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ കാതലായ മാറ്റം കൊണ്ടുവരാൻ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയത് സ്വാഗതാർഹമാണ്. 1908ൽ ബ്രിട്ടീഷുകാരാണ്‌ മൂന്നാറിൽ റെയിൽ സ്ഥാപിച്ചത്. പിന്നീട്‌ മലവെള്ളപ്പാച്ചിലിൽ തകരുകയായിരുന്നു. സംസ്ഥാന റെയിൽ വികസന കോർപറേഷൻ, ടൂറിസം വകുപ്പ്, കണ്ണൻ ദേവൻ കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  2019ൽ റെയിൽവേ പുനഃസ്ഥാപിക്കുന്നതിനായി നടപടി ആരംഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ കഠിനപരിശ്രമങ്ങളാണ്‌ പദ്ധതിക്ക്‌ വീണ്ടും ഉണർവായത്‌. ഒക്ടോബറിൽ എംഎൽഎയ്‌ക്കൊപ്പം കേരള റെയിൽവേ ഡെവലപ്‌മെന്റ്‌ കോർപറേഷൻ അഡീഷണൽ ജനറൽ മാനേജർ സി സി ജോയ്, ടൂറിസംവകുപ്പ് ജോയിന്റ്‌ ഡയറക്ടർ ഷാഹുൽ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡിടിപിസി സെക്രട്ടറി പി എസ് ഗിരീഷ്, കെഡിഎച്ച്പി കമ്പനി എംഡി കെ മാത്യു എബ്രഹാം എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ച്‌ തുടർനടപടി സ്വീകരിച്ചിരുന്നു. ചില്ല്‌ ബോഗിയിൽ തെളിയും ഹരിതവർണങ്ങൾ ഡാർജിലിങ്, ഹിമാലയ പ്രദേശങ്ങളിലുള്ള ട്രയിനിന്റെ മാതൃകയിൽ ആറു ചില്ല് ബോഗികളാണ് മൂന്നാറിലും രൂപകൽപ്പന ചെയ്യുന്നത്‌. ഇതിലൂടെ സഞ്ചാരികൾക്ക് മൊട്ടക്കുന്നുകളുടെയും തേയിലത്തോട്ടങ്ങളുടെയും ഭംഗി ആസ്വദിക്കാം. ആദ്യഘട്ടത്തിൽ അഞ്ചര കിലോമീറ്റർ ട്രാക്ക്‌ കണ്ണൻദേവൻ കമ്പനിയുടെ ചായ ബസാർ–- മാട്ടുപ്പെട്ടി ഫാക്ടറി വരെയാണ്‌ നിർമിക്കുക. ഇടയ്‌ക്ക്‌ കൊരണ്ടിക്കാട് ഡിവിഷനിൽ സ്റ്റേഷൻ സ്ഥാപിക്കും. രണ്ടാംഘട്ടം മാട്ടുപ്പെട്ടി മുതൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ടോപ് സ്റ്റേഷൻ വരെ ദീർഘിപ്പിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News