ഭൂമിയുടെ 
അവകാശികളായി 37,518 കുടുംബം



ഇടുക്കി സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടാക്കനിയെന്ന്‌ കരുതിയിരുന്നവർക്കിത്‌ ജന്മസാഫല്യം. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണിവർ ഭൂമിയുടെ അവകാശികളായത്. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റേതുൾപ്പെടെ എട്ട്‌ പട്ടയമേളകളാണ്‌ നടത്തിയത്‌. ചൊവ്വാഴ്‌ച കലക്ടറേറ്റിലും വിവിധ താലൂക്ക്‌ കേന്ദ്രങ്ങളിലുമായി 2423 പേർക്കുകൂടി പട്ടയം നൽകി. ഭൂസംബന്ധമായ കുരുക്കഴിച്ചും വേഗതകൂട്ടിയും എൽഡിഎഫ്‌ സർക്കാർ കർഷകരോട്‌ പ്രതിബന്ധത കാട്ടിയപ്പോൾ ഇതുവരെ 37,518 പേർ ഭൂമിയുടെ ഉടമകളായി. മുമ്പ്‌ ഏഴ്‌ മേളയിലായി 35,095 പട്ടയം നൽകിയിരുന്നു.        പട്ടയമേളകൾ താലൂക്ക് കേന്ദ്രങ്ങളിൽ എംഎൽഎമാർ ഉദ്ഘാടനം ചെയ്തു. ഉടുമ്പൻചോലയിൽ എം എം മണി, ദേവികുളത്ത്‌ അഡ്വ. എ രാജ, തൊടുപുഴയിൽ പി ജെ ജോസഫ്‌, പീരുമേട്ടിൽ വാഴൂർ സോമൻ എന്നിവർ പട്ടയ വിതരണോദ്‌ഘാടനം നിർവഹിച്ചു.      കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ്‌ ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും പരിപാടികൾ സംഘടിപ്പിച്ചത്. കലക്ടറേറ്റിൽ ആദ്യത്തെ പത്ത്‌ പേർക്ക് നേരിട്ട് പട്ടയങ്ങൾ വിതരണം ചെയ്തു. പെരിങ്ങാശേരി പാറേപുരയ്ക്കൽ രാജി ചന്ദ്രശേഖരൻ, വളയാറ്റിൽ വി എൻ മോഹനൻ, മണിയാറൻകുടി പുത്തൻപുരയിൽ ചെന്താമരാക്ഷൻ, കുന്നുംപുറത്ത് ഭവാനി ഗോപാലൻ, കട്ടപ്പന കാഞ്ഞിരക്കാട്ട് വത്സല പ്രഭാകരൻ, കട്ടപ്പന പുതുപ്പറമ്പിൽ ലീലാമ്മ യേശുദാസ്, ഉപ്പതോട് കൊറ്റോത്ത് ജയ ജോർജ്‌, പാറത്തോട് പുരയിടത്തിൽ പി വി റെജി, ആലിൻചുവട് ചാപ്രായിൽ ജയചന്ദ്രൻ,ചേലചുവട് പൈത്തൊട്ടിയിൽ സോണിയ സണ്ണി എന്നിവർ പട്ടയം വാങ്ങി.  Read on deshabhimani.com

Related News