ജനമുന്നേറ്റമായി ജാഗരൺ സംഗമം

സാമൂഹിക് ജാഗരൺ സംഗമം കിസാൻസഭ അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം എം എം മണി എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു


 നെടുങ്കണ്ടം ഐതിഹാസിക സ്വാതന്ത്ര്യസമരപോരാട്ട ചരിത്രത്തെ വർഗീയവൽക്കരിച്ച് മതവിദ്വേഷത്തിന് കോപ്പുകൂട്ടുന്ന ബിജെപി–--സംഘപരിവാർ ശക്തികൾക്ക് താക്കീതായി സാമൂഹിക് ജാഗരൺ സംഗമം. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് രാഷ്ട്രപിതാവിനെപോലും വകവരുത്തിയവരുടെ രാജ്യസ്നേഹം കാപട്യവും അവസരവാദപരവുമാണെന്ന് തുറന്നുകാട്ടുന്നതായി സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ സംഘടിപ്പിച്ച സാമൂഹിക് ജാഗരൺ സംഗമം.   ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് തീവ്രവാദികൾക്കും മതവർഗീയ ശക്തികൾക്കും ഒരുപങ്കുമില്ലെന്നും നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചവരേയും സംഘടനകളേയും മാറ്റിനിർത്താൽ അനുവദിക്കില്ലെന്നും ജാഗരൺ സംഗമം പ്രഖ്യാപിച്ചു. ആയിരങ്ങൾ ജീവൻ നൽകിയും പീഡനങ്ങൾ ഏറ്റുവാങ്ങിയും നേടിയ മഹത്തായ സ്വാതന്ത്ര്യം എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന വിളംബരമായി സംഗമം. സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ പങ്കെടുത്തു. സംഗമം കിസാൻസഭ അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി എന്നിവർ സംസാരിച്ചു.   കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിഅംഗം സി വി വർഗീസ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി എൻ മോഹനൻ, കർഷക സംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, കെഎസ് കെടിയു ജില്ലാ സെക്രട്ടറി കെ എൽ ജോസഫ്, നേതാക്കളായ വി എ കുഞ്ഞുമോൻ, എൻ കെ ഗോപിനാഥൻ, എം എൻ ഹരിക്കുട്ടൻ, വി സി അനിൽ, ടി എം ജോൺ തുടങ്ങിയവർ പങ്കെടുത്തു. കെഎസ്‌കെടിയു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എൻ വിജയൻ സ്വാഗതവും പി രാജശേഖരൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News