കോവിഡ്‌ മൂന്നാറിൽ അതീവജാഗ്രത; പരിശോധന കർശനമാക്കും



 കോവിഡ്‌ മൂന്നാറിൽ അതീവജാഗ്രത; പരിശോധന കർശനമാക്കും മൂന്നാർ  കോവിഡിന്റെ പശ്ചാത്തലത്തിൽ തോട്ടംമേഖലയിൽനിന്ന്‌ നിരവധി പേർ മൂന്നാറിൽ എത്തുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കി അധികൃതർ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന കർശന നിർദേശം നൽകി.സ്ഥാപനത്തിന്റെ മുന്നിൽതന്നെ സാനിറ്റൈസർ സൗകര്യം ഒരുക്കണം. കടകൾക്ക് മുന്നിലെ ആൾക്കൂട്ടം കടയുടമതന്നെ നിയന്ത്രിക്കണം. മെഡിക്കൽ സ്റ്റോറിലും പൊതുസ്ഥാപനങ്ങളിലും എത്തുന്നവർ അവിടെ സൂക്ഷിച്ചിട്ടുള്ള പുസ്തകത്തിൽ പേരും ഫോൺ നമ്പറും എഴുതണം. ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ മൂന്നാർ ടൗണിൽ ആൾക്കൂട്ടം വർധിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. മാസ്ക് ധരിക്കാതെ എത്തുന്നവരും നിരവധിയാണ്. പത്ത് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്നവരുമുണ്ട്. പച്ചക്കറി ചന്തയിൽ സാമൂഹ്യ അകലം പാലിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. ചില പൊതുമേഖല ബാങ്കുകളിൽ പ്രവർത്തിക്കുന്ന എടിഎം കേന്ദ്രങ്ങളിൽ സാനിറ്റൈസർ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. തമിഴ്നാട്ടിൽനിന്ന്‌ മറ്റും നിരവധി പേരാണ് ദിവസംതോറും മൂന്നാറിലെത്തുന്നത്‌. കോവിഡിന്റെ ആദ്യഘട്ടത്തിൽ സ്വീകരിച്ച ജാഗ്രത അതേപടി തുടരുന്നതിന് എടുക്കുന്ന നടപടികളോട് പൂർണമായി സഹകരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News