ചൂടാകാതെ നോക്കാം... പ്രതിരോധിക്കാം



 ഇടുക്കി വരൾച്ചയെയും ചൂടിനേയും നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ജില്ല. കച്ചവട സ്ഥലങ്ങളിലും പൊതുയിടങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കും. തീപിടുത്തങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ഓഡിറ്റ് നടത്തും. കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, വകുപ്പുകളുടെ ജില്ലാ മേധാവികൾ എന്നിവരുടെ യോ​ഗത്തിലാണ് തീരുമാനം.  തണ്ണീര്‍പ്പന്തലില്‍ ദാഹമകറ്റാം കുടിവെള്ളക്ഷാമം രൂക്ഷമായിടങ്ങളില്‍ കുടിവെള്ളം വിതരണംചെയ്യും. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തണ്ണീർപന്തലുകൾ ആരംഭിച്ച് മെയ് വരെ നിലനിർത്തും. സംഭാരം, തണുത്ത വെള്ളം, ആവശ്യത്തിന് ഒആർഎസ് എന്നിവ ലഭ്യമാക്കും. പൊതുകെട്ടിടങ്ങൾ, വ്യക്തികൾ നൽകുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിലാകും സജ്ജീകരണം. തദ്ദേശ സ്ഥാപനങ്ങൾക്കാണ് ചുമതല. വ്യാപാരികളുടെ സഹകരണത്തോടെ ചൂട് കൂടിയ ഇടങ്ങളില്‍ താല്‍ക്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന കേന്ദ്രങ്ങള്‍ സജ്ജമാക്കും. കുടിവെള്ളക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ജലവിഭവ വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം.  ഓടിയെത്തും അ​ഗ്നിരക്ഷാസേന തീപിടുത്തങ്ങൾ വർധിക്കുന്നതോടെ അഗ്നിരക്ഷാസേനയോട് ജാഗരൂകരായിരിക്കാൻ നിർദേശിച്ചു. വ്യാപാര മേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ജനവാസ മേഖലയിലെ കാടുപിടിച്ച പ്രദേശങ്ങൾ, ആശുപതികൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ അടിയന്തര ഫയർ ഓഡിറ്റ് നടത്തണം. ഇലക്ട്രിക്കൽ ഇൻസ്‍പെക്‍ടറും കെഎസ്ഇബിയും ചേര്‍ന്ന് ആശുപതികളുടെയും പ്രധാന സർക്കാർ ഓഫീസുകളുടെയും ഇലക്‍ട്രിക്കൽ ഓഡിറ്റും നടത്തും. ഉണങ്ങിയ പുല്ല് വെട്ടിമാറ്റാൻ തൊഴിലുറപ്പ് പ്രവർത്തകരെ നിയോഗിക്കും.  ആശുപത്രി തയ്യാര്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടാൻ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകും. പിഎച്ച്എസി, സിഎച്ച്എസികളില്‍ ഒആർഎസ് ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കും. തൊഴിൽ സമയ പുനക്രമീകരണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തൊഴില്‍വകുപ്പും പരീക്ഷ ഹാളുകളിൽ വെന്റിലേഷനും കുടിവെള്ളവും വിദ്യാഭ്യാസവകുപ്പും ഉറപ്പാക്കണം. ഉത്സവങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള രേഖ അനുസരിച്ച് നടത്തണം. പടക്ക നിർമാണം, സൂക്ഷിപ്പ് ശാലകൾ എന്നിവ അഗ്നിസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണം. വെള്ളമാണ്, പാഴാക്കരുത് വേനൽ മഴ ലഭിച്ചാൽ പരമാവധി ജലം സംഭരിക്കാൻ വകുപ്പുകളും പൊതുജനങ്ങളും തയ്യാറാകണം. ബോധവൽക്കരണം നടത്താൻ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ക്യാമ്പയിൻ തുടങ്ങും. വേനൽമഴയോടൊപ്പമുള്ള ഇടിമിന്നലുകളെക്കുറിച്ചും ബോധ്യപ്പെടുത്തും. മൃഗങ്ങൾക്കും പക്ഷികൾക്കും ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികള്‍ക്കെതിരേ മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് തുടങ്ങിയവർ നടപടികളെടുക്കണം. മലിനജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാനുള്ള ബോധവൽക്കരണ പരിപാടികൾ  ആരോഗ്യ-, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സ്വീകരിക്കും. വഴിയോര കച്ചവടക്കാർ  ഉപയോഗിക്കുന്ന ജലവും പരിശോധിക്കും. വന്യമൃഗങ്ങൾക്ക് വനങ്ങളിൽ ജലം ലഭിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉറപ്പാക്കണം. കൃഷിക്കുവേണ്ട ജലം കൃഷിവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സജ്ജമാക്കണം. പക്ഷികൾക്ക് വെളളം ലഭ്യമാക്കാൻ കഴിയുന്ന മാർഗങ്ങൾ സ്വീകരിക്കാൻ പൊതുജനങ്ങളോടും കലക്‍ടര്‍ അഭ്യര്‍ത്ഥിച്ചു.   Read on deshabhimani.com

Related News