കുണ്ടള പുതുക്കടി റോഡ് ഭാഗികമായി തുറന്നു

കുണ്ടള പുതുക്കുടി റോഡ് അഡ്വ. എ രാജ എംഎൽഎയുടെ നേതൃത്വത്തിൽ തുറന്നുകൊടുക്കുന്നു


മൂന്നാർ ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ട കുണ്ടള പുതുക്കടി റോഡ് ഭാഗീകമായി തുറന്നു കൊടുത്തു. കഴിഞ്ഞ ആറിന്‌ രാത്രി 11 .30 ഓടെ ഉണ്ടായ ഉരുൾപൊട്ടലിൽ വൻപാറകൾ റോഡിലേക്ക് പതിച്ച് വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. എല്ലപ്പെട്ടി, ചിറ്റവരൈ തുടങ്ങിയ എസ്റ്റേറ്റുകളും പച്ചക്കറി ഉൽപാദന കേന്ദ്രമായ വട്ടവടയും ഒറ്റപ്പെട്ടരിന്നു. അഡ്വ. എ രാജ എംഎൽഎയുടെ നേതൃത്വത്തിൽ സംഭവ ദിവസം മുതൽ പ്രദേശത്ത് ക്യാമ്പ് ചെയ്തുള്ള പ്രവർത്തനമാണ് നടത്തിയത്. ഉരുൾപൊട്ടലുണ്ടായി ഒരാഴ്ചക്കകം തന്നെ കൂറ്റൻ പാറകളും ചെളിമണ്ണും നീക്കം ചെയ്ത്  വാഹനങ്ങൾക്ക്  പോകുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് ലയങ്ങളിൽ നിന്നും മാറി ക്യാമ്പുകളിലും ബന്ധുക്കളുടെ വീടുകളിലും കഴിഞ്ഞിരുന്നവർ  ലയങ്ങളിൽ തിരിച്ചെത്തി. 60 ഓളം പേരാണ് ചെണ്ടുവരൈ സ്കൂളിൽ ഏർപ്പെടുത്തിയ ക്യാമ്പുകളിൽ കഴിഞ്ഞു വന്നത്. ഇവർക്കുള്ള എല്ലാ സൗകര്യങ്ങളും റവന്യൂ വകുപ്പ് ഒരുക്കിയിരുന്നു. കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് ക്യാമ്പിൽ കഴിയുന്നവരെ വീടുകളിലേക്ക് മാറ്റാൻ തീരുമാനിച്ചത്‌. അഡ്വ. എ രാജ എംഎൽഎ, സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, എല്ലപ്പെട്ടി ലോക്കൽ സെക്രട്ടറി രാജാറാം, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വി സമ്പത്ത് എന്നിവർ ക്യാമ്പിലെത്തിയിരുന്നു. Read on deshabhimani.com

Related News