11 വർഷം യുഡിഎഫ് ഭരണസമിതി മൂന്നാറിലെ ജനങ്ങളെ വഞ്ചിച്ചു: എൽഡിഎഫ്



മൂന്നാർ   എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ്  നടപ്പാക്കാതെ മൂന്നാർ പഞ്ചായത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് 11 വർഷമായി യുഡിഎഫ് ഭരണ സമിതി സ്വീകരിച്ചതെന്ന് എൽഡിഎഫ് നേതാക്കളായ കെ കെ വിജയൻ, പി പഴനിവേൽ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.   ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതിയുടെയും ഇടപെടലും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണ്   സർക്കാരിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാൻ ഇടയായത്. ലൈഫ് പദ്ധതി പ്രകാരം സ്ഥലവും വീടും ലഭിക്കുന്നതിനു വേണ്ടി ആയിരക്കണക്കിന് അപേക്ഷകളാണ് പഞ്ചായത്ത് ഓഫീസിൽ ലഭിച്ചത്. എന്നാൽ ഒരാൾക്ക് പോലും ഭൂമി നൽകാതെ സർക്കാർ പ്രഖ്യാപിച്ച ലൈഫ് പദ്ധതി അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് യുഡിഎഫ് നടത്തിവന്നത്.  എന്നാൽ, എൽഡിഎഫ് ഭരിക്കുന്ന ദേവികുളം  പഞ്ചായത്തിൽ ഭൂരഹിതരായ ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽപ്പെടുത്തി സ്ഥലവും വീട് നിർമ്മിക്കുന്നതിന് തുകയും അനുവദിച്ചു.  ഒരുപതിറ്റാണ്ടിലേറെ മൂന്നാർ പഞ്ചായത്ത് ഭരിച്ച യുഡിഎഫ് ഭരണ സമിതിയുടെ അഴിമതിക്കെതിരെ ജനരോക്ഷം ശക്തമായിരുന്നു. ഇവരുടെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് രണ്ട് അംഗങ്ങൾ എൽഡിഎഫിനൊപ്പം ചേർന്നത്. യുഡിഎഫിന് ഭരണം നഷ്ടപ്പെടുകയും എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ വരികയും ചെയ്തതോടെ ജനങ്ങൾ ഏറെ പ്രതീക്ഷയിലാണ്. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും നേതാക്കൾ വ്യക്തമാക്കി.   Read on deshabhimani.com

Related News