അകലമിട്ട്‌, മിഴി തുറന്നു



ഇടുക്കി കാത്തിരിപ്പിന്‌ വിരാമം, നീണ്ട 11‌ മാസത്തെ ഇടവേളയ്‌ക്കുശേഷം തിയറ്ററുകൾ തുറന്നു. സിനിമയിൽ അന്നവും ആശ്വാസവും കണ്ടെത്തുന്നവർക്ക്‌ പ്രതീക്ഷയുടെ പുതിയ കിരണങ്ങളാണ്‌ ആദ്യദിവസം പകർന്നുനൽകിയത്‌. കോവിഡ്‌ നിയന്ത്രണമുണ്ടായിരുന്നിട്ടും തിയറ്ററിലേക്ക്‌ ആളുകൾ ഒഴുകിയെത്തി. ഹൈറേഞ്ചിൽ പുലർച്ചെ മുതൽ തിയറ്ററുകളുടെ മുന്നിലെ ആൾക്കൂട്ടം ആദ്യ സിനിമ ആഘോഷമാക്കി. തമിഴ്‌ സൂപ്പർതാരം വിജയ്‌ നായകനായ മാസ്റ്ററാണ്‌ കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുവന്ന ശേഷം ആദ്യമെത്തിയ സിനിമ. കേരളത്തിൽ തിയറ്ററുകൾ തുറക്കുമെന്ന്‌ ഉറപ്പായതോടെ‌ ടിക്കറ്റ്‌ വിൽപ്പന ആരംഭിച്ചിരുന്നു. ഓരോ സീറ്റ്‌ ഇടവിട്ടായിരുന്നു ഇരിപ്പിടം ക്രമീകരിച്ചിരുന്നത്‌. സാനിറ്റൈസർ, താപനില പരിശോധന എന്നിവയും ഇവിടെ ഒരുക്കിയിരുന്നു.  എല്ലാ വെള്ളിയാഴ്ചയും മാറിവരുന്ന സിനിമ കാണുകയും കൈയടിക്കുകയും ചെയ്‌തിരുന്ന ആസ്വാദകർ സിനിമയെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ്‌ തിയറ്റർ ഉടമകളും. അടുത്ത ദിവസങ്ങളിൽ ബിഗ്‌ ബജറ്റ്‌ മലയാള ചിത്രങ്ങൾ ഉൾപ്പെടെ റീലിസീനെത്തുന്നതും കാത്തിരിക്കുകയാണ്‌ ആസ്വദകർ. ജയസൂര്യ നായകനാകുന്ന ‘വെള്ളം' 22ന് എത്തും. ലോക്ക്ഡൗണിനുശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള സിനിമയാകുമിത്. മോഹൻലാലിന്റെ ‘മരയ്‌ക്കാർ: അറബിക്കടലിന്റെ സിംഹം' ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളും വൈകാതെ കാണാം. ലോക്ക്‌ഡൗണിനുമുമ്പ് സെൻസറിങ് പൂർത്തിയായ 11 ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്.  കരുതലോടെ തുടക്കം ആദ്യഘട്ടത്തിൽ മൂന്ന് ഷോ മാത്രമാണുണ്ടായിരുന്നത്‌. ഭൂരിഭാ​ഗം തിയറ്ററിലും രാവിലെ 10, പകൽ രണ്ട്, വൈകിട്ട് ആറ് എന്നിങ്ങനെയാണ് സമയം. 50 ശതമാനം കാണികൾക്കാണ് പ്രവേശനം. കഴിഞ്ഞ ദിവസം തന്നെ തിയറ്ററുകളിലെ ശുചീകരണം പൂർത്തിയാക്കിയിരുന്നു. ഒരു സീറ്റ്‌ ഇടവിട്ട്‌ ഇരിക്കണമെന്ന്‌ നിർദേശമുണ്ടായിരുന്നെങ്കിലും ചിലയിടങ്ങളിൽ ഇത്‌ പാലിക്കാനായില്ല. ശരീരതാപനില പരിശോധിക്കുന്നതിനുള്ള സംവിധാനവും സാനിറ്റൈസറും സജ്ജമാക്കിയിരുന്നു. Read on deshabhimani.com

Related News