മോഷ്ടാക്കളെ ഭയന്ന് പിഴുതെടുത്ത ചന്ദനമരവും ലേലത്തിന്



  മറയൂർ കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന മറയൂരിലെ ഈ വർഷത്തെ ആദ്യ ചന്ദനലേലത്തിൽ കൂറ്റൻ ചന്ദനമരത്തിന്റെ വേരിന് 8.5 ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. മോഷ്ടാക്കളെ ഭയന്ന് പൊതുമരാമത്ത് വകുപ്പ് ഓഫീസ് പരിസരത്തുനിന് പിഴുതെടുത്ത ചന്ദനമരത്തിന്റേതാണ് വേര്. ഈ മരവും ഇക്കുറി ലേലത്തിനായി ചെത്തിയൊരുക്കിയിട്ടുണ്ട്. 46.4 കിലോഗ്രാം തൂക്കം വരുന്ന വേര് ചെത്തിയൊരുക്കി ക്ലാസ് 7 വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞതവണ ലേലത്തിൽ ക്ലാസ് ഏഴ് വിഭാഗം ഒരു കിലോയ്‌ക്ക്‌ 15,000 രൂപ ലഭിച്ചിരുന്നു. ഇക്കുറി ഉയരാനാണ് സാധ്യത. ലേല തുകയ്‌ക്കുതന്നെ വിൽപ്പന നടന്നാൽ 22 ശതമാനം ജിഎസ്ടി ഉൾപ്പെടെ 8.5 ലക്ഷം രൂപ സർക്കാരിന് ലഭിക്കും. 16 ,17 തീയതികളിലാണ് ലേലം.   മറയൂർ ടൗണിലെ പൊതുമരാമത്ത് അസി. എൻജിനിയറുടെ കാര്യാലയത്തിന് മുന്നിൽ മൂന്ന് തടികളുമായി നിന്ന ചന്ദനമരം ഏറെ ആകർഷകമായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ശിഖരം 2016 ഡിസംബർ 16 ന് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. വനംവകുപ്പ്, പൊലീസ് സ്റ്റേഷനുകൾക്ക് സമീപത്തുനിന്ന മരമാണ് മോഷ്ടാക്കൾ കടത്തിയത്. പിന്നീട് പൊതുമരാമത്ത് അധികൃതർ ബാക്കിയുള്ള മരങ്ങൾ സർക്കാരിലേക്ക് ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചു.  സാമൂഹ്യവനവൽക്കരണ വിഭാഗം പരിശോധിച്ച് റിപ്പോർട്ട് നൽകിയതോടെ 2019 ജനുവരി 18ന് വനംവകുപ്പ് ചന്ദനമരം വേര് ഉൾപ്പെടെ പിഴുതെടുത്ത് ചന്ദനഡിപ്പോയിൽ എത്തിച്ചു. ചെത്തിയൊരുക്കിയ മരത്തിന്റെ ഭാഗങ്ങൾ ക്ലാസ് ഒന്ന് മുതൽ സാപ്പ് വുഡ് വരെയുള്ള വിഭാഗത്തിൽ ലേലത്തിനായി തയ്യാറാക്കി. 30 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ ലേലത്തുക ലഭിക്കും.  Read on deshabhimani.com

Related News