സ്ത്രീ മുന്നേറ്റത്തിൽ കുടുംബശ്രീയുടെ പങ്ക് നിർണായകം: മന്ത്രി എം എം മണി



ഇടുക്കി സ്ത്രീകളുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രതയ്‌ക്കും കുടുംബശ്രീ പ്രസ്ഥാനം നിർണായക പങ്കുവഹിച്ചതായി മന്ത്രി എം എം മണി പറഞ്ഞു. കട്ടപ്പനയിൽ കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വനിതകൾ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണന സൗകര്യം ഉണ്ടാകുന്നത് സംരംഭകർക്ക് പ്രചോദനമാകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ അംഗങ്ങൾ കൂടുതൽ  ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.  കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ചടങ്ങിൽ അധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി ആദ്യവിൽപ്പന നിർവഹിച്ചു. ഇരുപത്തഞ്ചിലധികം കുടുംബശ്രീ സംരംഭകരുടെ 200ൽപരം ഉൽപ്പന്നങ്ങൾ ബസാറിലൂടെ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്. ധാന്യപൊടികൾ, അച്ചാർ, നാടൻ സാമ്പാർ പൊടി, മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, തേൻ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, സോപ്പ്, സോപ്പ്‌ ഉൽപ്പന്നങ്ങൾ തുടങ്ങിയവയെല്ലാം ബസാറിലൂടെ ലഭ്യമാകും. കട്ടപ്പന മുൻസിപ്പൽ കോംപ്ലക്സിലാണ് കുടുംബശ്രീ ബസാർ സജ്ജീകരിച്ചിട്ടുള്ളത്.   ബസാറിന്റെ ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ടി ജി അജേഷ്, നഗരസഭാ കൗൺസിലർമാരായ കെ പി സുമോദ്, ടിജി എം രാജു, അസിസ്റ്റന്റ്‌ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ പി എ ഷാജിമോൻ, സിഡിഎസ് ചെയർപേഴ്സൺ ഗ്രേയ്സ് മേരി ടോമിച്ചൻ, കുടുംബശ്രീ ബസാർ കൺസോർഷ്യം പ്രസിഡന്റ് ഫസീന ഷാജഹാൻ, കുടുംബശ്രീ ബസാർ കൺസോർഷ്യം സെക്രട്ടറി ശോഭനാ അപ്പു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News