മറയൂരിൽ ദുരന്തനിവാരണ പ്രവർത്തനം ഏകോപിപ്പിച്ചു



മറയൂർ മഴ തുടരുന്ന മറയൂർ മേഖലയിൽ അഡ്വ. എ രാജ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മഴ തോരാതെ പെയ്യുന്ന സാഹചര്യത്തിലാണ്‌ എംഎൽഎയുടെ നേതൃത്വത്തിൽ മറയൂർ, കാന്തല്ലൂർ മേഖലകൾ സന്ദർശിച്ചത്‌. പാറയിടുക്കിൽ നിന്നും ഭൂമിക്കടിയിൽ നിന്നും പുറത്തേക്ക് വെള്ളം വരുന്ന സാഹചര്യത്തിൽ പള്ളനാട് സെന്റ് മേരീസ് എൽപി സ്കൂളിലേക്ക്‌ മാറ്റിപാർപ്പിച്ച കുടുംബങ്ങളെ കണ്ട്‌ ആശ്വസിപ്പിച്ചു.      ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ പ്രദേശങ്ങൾ ദുരന്തനിവാരണ സേനയും മണ്ണുസംരക്ഷണ വകുപ്പിലെ വിദഗ്‌ധ സംഘവും  പരിശോധന നടത്തി. അപകട ഭീഷണിയില്ലെങ്കിൽ മഴക്ക് ശമനം ഉണ്ടാകുമ്പോൾ വീടുകളിലേക്ക് മടങ്ങുന്നതിനുള്ള സാഹചര്യം ഒരുക്കുമെന്ന് എംഎൽഎ അറിയിച്ചു. മറയൂർ പഞ്ചായത്ത് ഹാളിൽ എംഎൽഎ യുടെ നേതൃത്വത്തിൽ അവലോകനയോഗം  ചേർന്നു. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ്, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ്, സിപിഐ എം ഏരിയ സെക്രട്ടറി വി സിജിമോൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി,  ദേവികുളം തഹസിൽദാർ, അഗ്നിക്ഷാസേന ഉദ്യോഗസ്ഥർ, വനം, പൊലീസ്, റവന്യൂ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  15 കുടുംബങ്ങളെ 
മാറ്റി പാർപ്പിച്ചു കാന്തല്ലൂർ പഞ്ചായത്തിലെ ചെമ്പട്ടി ആദിവാസി കോളനിക്ക് സമീപം മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. മറയൂർ ഗവ. ഹൈസ്കൂൾ, കാന്തല്ലൂർ ഹൈസ്കൂൾ എന്നിവ ക്യാമ്പുകൾക്കായി ഉപയോഗപ്പെടുത്തും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളും  എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. അടിയന്തര സാഹചര്യമുണ്ടായാൽ അഗ്നിരക്ഷാസേനയുടെ സേവനം അഞ്ചുനാട് മേഖലക്ക് ഉറപ്പാക്കിയിട്ടുണ്ട്‌.  Read on deshabhimani.com

Related News